കുടുംബ ബജറ്റിന്‍റെ ഏറ്റവും പ്രാഥമിക തത്വം എന്നത് വരവും ചെലവും തമ്മില്‍ സന്തുലിതാവസ്‌ഥ ഉണ്ടാക്കുക എന്നതാണ്. ഇന്നത്തെ ചെലവുകളോടൊപ്പം തന്നെ ഭാവി ചെലവുകളും കുടുംബ ബജറ്റിലെ കണക്ക് കൂട്ടലുകളില്‍ ഉള്‍പ്പെടണം. ഒരു രാജ്യത്തിന്‍റെ ബജറ്റ് എന്നത് പോലെ തന്നെ ഒരു കുടുംബത്തിന്‍റെ ബജറ്റിനെയും നയിക്കേണ്ട തത്വമാണ് ഇത്.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുകയാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നിങ്ങളുടെ കുടുംബ ബജറ്റിനെ പരോക്ഷമായി സ്വാധീനിക്കും. സാമ്പത്തിക വികസനവും ക്ഷേമവുമാണ് ഒരു രാജ്യത്തിന്‍റെ ബജറ്റ് ലക്ഷ്യം വയ്‌ക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമവുമാണ് കുടുംബ ബജറ്റ് ലക്ഷ്യം വയ്‌ക്കുന്നത്. കുടുംബ ബജറ്റ് തയ്യാറാക്കുമ്പോള്‍ കുടുംബത്തിന്‍റെ സാമ്പത്തിക ലക്ഷ്യങ്ങളാണ് അടിസ്ഥാനമാക്കേണ്ടത്.
കുടുംബബജറ്റ് തയ്യാറാക്കേണ്ടത് എങ്ങനെ: കുടുംബ ബജറ്റ് ബുക്കിൽ നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും എഴുതുക. ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും പ്രത്യേകം പരാമർശിക്കുക. വീട്ടുപകരണങ്ങൾ വാങ്ങുക എന്നത് ഒരു ഹ്രസ്വകാല ആവശ്യമാണ്. ഒരു വീടും കാറും വാങ്ങുക എന്നത് മധ്യകാല ലക്ഷ്യങ്ങളാണ്. വിരമിക്കലിന് ശേഷമുള്ള ജീവതത്തിന് പണം കണ്ടെത്തുക, നിങ്ങളുടെ കുട്ടിയുടെ വിവാഹം എന്നിവ ദീർഘകാല ലക്ഷ്യങ്ങളാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
സമ്പാദിച്ച പണം വിവിധ ലക്ഷ്യങ്ങൾക്കായി എങ്ങനെ നീക്കിയിരിപ്പ് നടത്തണമെന്ന് അറിയാത്തതാണ് പല സാമ്പത്തിക പ്രശ്‌നങ്ങൾക്കുമുള്ള പ്രധാന കാരണം. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലഭ്യമായ സാമ്പത്തിക സ്രോതസ്സുകൾ എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് അറിയാൻ ഗാർഹിക ബജറ്റ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് എത്രമാത്രം നിക്ഷേപിക്കണമെന്ന് അറിഞ്ഞിരിക്കണം. നിക്ഷേപത്തിന് മുമ്പ് കൃത്യമായ ആസൂത്രണം ഉണ്ടാകണം.
കണ്ടിന്‍ജന്‍സി ഫണ്ട്: പെട്ടന്നുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി കരുതിവയ്‌ക്കുന്ന പണത്തെയാണ് കണ്ടിന്‍ജന്‍സി ഫണ്ട് എന്ന് പറയുന്നത്. ഒരു പ്രശ്‌നം എപ്പോൾ വരുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ആ ഒരു സാഹചര്യത്തില്‍ കണ്ടിന്‍ജൻസി ഫണ്ട് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ കുടുംബ ബജറ്റിൽ ഇതിന് ഉയർന്ന മുൻഗണന നൽകണം. ആറ് മാസത്തെ നിങ്ങളുടെ ചെലവിന് തത്തുല്യമായ തുക കണ്ടിന്‍ജന്‍സി ഫണ്ടില്‍ കരുതണം. തൊഴിലില്ലായ്‌മ, അപകടങ്ങൾ മുതലായ അപ്രതീക്ഷിത സാഹചര്യങ്ങളിൽ മാത്രമെ കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാന്‍ പാടുള്ളൂ.
കൃത്യമായ നീക്കിയിരുപ്പുകള്‍: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ചതിന് ശേഷം ചെയ്യേണ്ട അടുത്ത കാര്യം നിങ്ങളുടെ വരുമാനം കൃത്യമായി കണക്കാക്കുക എന്നുള്ളതാണ്. നിങ്ങളുടെ അവശ്യ ചെലവുകൾക്കായി എത്ര തുക പോകുന്നു എന്നതിന്‍റെ കൃത്യമായ കണക്ക് ഉണ്ടായിരിക്കണം. ശമ്പളം, പലിശയില്‍ നിന്നും നിക്ഷേപത്തിൽ നിന്നുമുള്ള വരുമാനം എന്നിങ്ങനെ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ വരുമാനവും മൊത്തത്തില്‍ എത്രയുണ്ടെന്ന് കണക്കാക്കുക.
വാർഷിക വരുമാനവും പ്രതിമാസ ചെലവും കണക്കാക്കുക. ഓരോ മൂന്ന്, ആറ് മാസം അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ, നിങ്ങൾക്ക് വലിയ ചെലവുകൾ ഉണ്ടായേക്കാം. ഇതൊക്കെ നിര്‍വഹിക്കാനായി മതിയായ വിഹിതം ഉണ്ടായിരിക്കണം.
ചെലവ് നിയന്ത്രിക്കുക: കുടുംബാംഗങ്ങൾ നടത്തുന്ന എല്ലാ ചെലവുകളും ഗാര്‍ഹിക ബജറ്റില്‍ കുറിച്ച്‌വയ്‌ക്കണം. ഓരോ രണ്ട് മാസത്തിലും അവ അവലോകനം ചെയ്യണം. ചെലവ് നിയന്ത്രണം എല്ലാവരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
വരുമാനത്തിനും ചെലവിനുമായി രണ്ട് പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിക്കുന്നത് നല്ലതാണ്. എല്ലാ വരുമാനവും ഒരിടത്ത് നിക്ഷേപിക്കുകയും കുറച്ച് തുക ചെലവ് അക്കൗണ്ടിലേക്ക് മാറ്റുകയും വേണം.
സാമ്പത്തികമായ വിശകലനം: വരുമാനവും ചെലവും സംബന്ധിച്ച കണക്കുകള്‍ നമ്മുടെ സാമ്പത്തിക ആസൂത്രണത്തിന്‍റെ വഴികാട്ടിയാണ്. നമ്മൾ ബജറ്റിൽ ഉറച്ചുനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്. .
നിങ്ങൾ വരുമാനം കൃത്യമായി കണക്കാക്കിയിട്ടുണ്ടോ? നമ്മള്‍ കണക്കാക്കിയ പ്രതീക്ഷിത ചെലവ് ശരിയാണോ? ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യണം. ചെലവുകൾ കൂടുതലാണെങ്കിൽ കടങ്ങൾ ഉണ്ടാകും. അപ്പോൾ, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
ആഢംബരങ്ങളും ആവശ്യങ്ങളും: വരവ് നോക്കാതെയുള്ള ചെലവിടല്‍ വളരെ അപകടകരമാണ്. പലരും ആഡംബരങ്ങളും ആവശ്യങ്ങളും തമ്മിൽ വേർതിരിക്കാതെയുള്ള ചെലവിടലാണ് നടത്തുന്നത്. ബജറ്റിനോട് പ്രായോഗിക സമീപനം പുലർത്തുകയും ആഢംബരങ്ങള്‍ക്കായി എത്രമാത്രം ചെലവഴിക്കാമെന്ന് കൃത്യമായ ബോധ്യം ഉണ്ടാകുകയും ചെയ്യുക. ആഢംബര ചെലവുകൾ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ തകിടം മറിക്കില്ലെന്ന് ഉറപ്പാക്കുക.