ശ്രീനഗർ : ശ്രീനഗറിലെ ദാൽ തടാകത്തിൽ ബോട്ടുകൾക്ക് തീപിടിച്ച് മൂന്ന് മരണം. ശനിയാഴ്‌ച (നവംബര്‍ 11) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ച് ബംഗ്ലാദേശിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു (Houseboat caught fire in Dal Lake). ദാൽ ലേക്ക് ഏരിയയിലെ ബൊളിവാർഡിന് അടുത്ത് ഘാട്ട് നമ്പർ 9 ന് സമീപമുള്ള ഹൗസ് ബോട്ടുകളിലാണ് തീപിടിത്തമുണ്ടായത്.
സഫീന, സബ്രീന, യംഗ് ഗുൽഷൻ, ലാലാ റൂഖ്, ഖാർ പാലസ് എന്നിങ്ങനെ അഞ്ച് ഹൗസ് ബോട്ടുകളിൽ തീ പടർന്നു. സഫീന എന്ന ഹൗസ് ബോട്ടിൽ താമസിച്ചിരുന്ന ബംഗ്ലാദേശിൽ നിന്നുള്ള വിനോദസഞ്ചാരികളായ അനിന്ദയ കൗഷാൽ, ദാസ് ഗുപ്‌ത, മുഹമ്മദ് മൊയ്‌നുദ് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
കൂടാതെ സമീപത്തെ ഏഴ് പാർപ്പിടങ്ങളും തുടർന്നുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചു. ഹൗസ്‌ബോട്ടുകളിൽ താമസിച്ചിരുന്ന എട്ട് പേരെ ശ്രീനഗർ പൊലീസിന്‍റെയും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട് (എസ്‌ഡിആർഎഫ്), നാട്ടുകര്‍ എന്നിവരുടെ സംയുക്ത പരിശ്രമത്തോടെ രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്‌തു. ഇതു സംബന്ധിച്ച് ആർഎം ബാഗ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് സമര്‍പ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
തടാകത്തിലെ ഹൗസ് ബോട്ടുകളിലൊന്നിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മറ്റ് ഹൗസ് ബോട്ടുകളിലേക്കും തീപടർന്ന് പിടിക്കുകയായിരുന്നു. ഹൗസ് ബോട്ടുകൾ പൂർണമായും കത്തി നശിച്ചതായും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, വിശദമായ പരിശോധനകൾ നടക്കുന്നുണ്ട്. തീപിടിത്തത്തില്‍ എത്രത്തോളം നാശനഷ്‌ടങ്ങള്‍ സംഭവിച്ചുവെന്ന് പൊലീസ് വിലയിരുത്തും.
തീപിടിത്തത്തിന്‍റെ വീഡിയോയും വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഹൗസ് ബോട്ടുകളിൽ വൻതോതിൽ തീപിടിച്ച് അവയിൽ പലതും കത്തി ചാരമായി മാറുന്നത് വീഡിയോയിൽ കാണാൻ കഴിയും. ശ്രീനഗറിലെ ഹുമാമ മേഖലയിൽ മറ്റൊരു തീപിടിത്തത്തിൽ മൂന്ന് നില കെട്ടിടം കത്തിനശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ദാൽ തടാകത്തിലും തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരു അഗ്നിശമന സേനാംഗത്തിനും പരിക്കേറ്റു.
ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു : ഡല്‍ഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയില്‍ ബസിന് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര്‍ മരിച്ചു. 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച (നവംബര്‍ 8) രാത്രി 8.30 ഓടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും ജയ്‌പൂരിലേക്ക് സര്‍വീസ് നടത്തിയ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. എക്‌സ്‌പ്രസ് വേയില്‍ എത്തിയതോടെ ബസിന് മുന്‍വശത്ത് നിന്നും തീ പടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുഗ്രാം പൊലീസും അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. തീപിടിത്തത്തിനുള്ള സാഹചര്യം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ALSO READ: ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്