ലഖ്‌നൗ: പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് കുത്തിവച്ചതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രി പൊളിച്ച് നീക്കാൻ യുപി സർക്കാർ ഉത്തരവ്. കെട്ടിടം നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് സിവിൽ അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് ഗ്ലോബൽ ഹോസ്‌പിറ്റൽ ആൻഡ് ട്രോമ സെന്‍റർ പൊളിച്ചു നീക്കാൻ ഉത്തരവായത്. ഒക്‌ടോബർ 28 നകം കെട്ടിടം ഒഴിയാൻ പ്രയാഗ്‌രാജ് ഡെവലപ്‌മെന്‍റ് അതോറിറ്റി ആശുപത്രിയ്‌ക്ക് നോട്ടിസ് നൽകി.
രോഗിമരിച്ച സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ല ഭരണകൂടം ഒക്‌ടോബര്‍ 20 ന് ആശുപത്രി പൂട്ടി സീൽ ചെയ്‌തിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 17നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് പാണ്ഡെയെ ആശുപത്രിയിൽ എത്തിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞെന്നും ഇത് ക്രമീകരിക്കുന്നതിനായി രോഗിക്ക് പ്ലേറ്റ്‌ലെറ്റുകള്‍ നല്‍കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് പ്രയാഗ്‌രാജിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കുടുംബം അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകള്‍ എത്തിക്കുകയും മൂന്ന് യൂണിറ്റ് രോഗിയ്‌ക്ക് കുത്തിവയ്‌ക്കുകയും ചെയ്‌തു. ശേഷം രോഗിയുടെ നില വഷളാവുകയും ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. രണ്ടാമത്തെ ആശുപത്രിയിൽ നടന്ന പരിശോധനയിൽ പ്ലേറ്റ്‌ലെറ്റ് ബാഗ് വ്യാജമാണെന്നും രാസ വസ്‌തുക്കളും പഴച്ചാറും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയതായും സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും രോഗിയുടെ കുടുംബം ആരോപിച്ചു.
അതേസമയം തങ്ങള്‍ക്ക് പ്ലേറ്റ്‌ലെറ്റുകള്‍ എത്തിച്ച് നല്‍കിയത് രോഗിയുടെ കുടുംബമാണെന്നും അവര്‍ എത്തിച്ച് നല്‍കിയ പ്ലേറ്റ്‌ലെറ്റുകളാണ് രോഗിക്ക് കുത്തിവച്ചതെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്‌ചകളുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം. പ്ലേറ്റ്‌ലെറ്റുകള്‍ അടങ്ങിയ ബാഗ് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.