മംഗളൂരു : കർണാടകയിൽ മലയാളി വ്യവസായികളെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ കവർന്ന കേസിൽ യുവതി അടക്കം എട്ട് പേർ അറസ്‌റ്റിൽ. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ബോണ്ടേൽ സ്വദേശി പ്രീതം, മൂഡ്‌ഷെഡ്ഡേ സ്വദേശികളായ മുരളി, കിഷോർ, സുശാന്ത്, അഭി, മൂഡ്‌ബിദിരെ സ്വദേശിയായ യുവതി എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 16നാണ് കേസിനാസ്‌പദമായ സംഭവം. വാമഞ്ചൂരിനടുത്ത് ഒരു റിസോർട്ടിൽ വച്ചാണ് വ്യവസായിയും സുഹൃത്തും ഹണിട്രാപ്പിൽ കുടുങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ഇവർ യുവതിയുമായി റിസോർട്ടിൽ പോയിരുന്നു. രാത്രി റിസോർട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു സംഘം മുറിയിൽ അതിക്രമിച്ചു കയറി. തുടർന്ന് സംഘത്തിലുണ്ടായിരുന്നയാൾ ഇവരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.
ശേഷം പണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം വ്യവസായികളെ ആക്രമിക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ ഇരുവരും കയ്യിലുണ്ടായിരുന്ന പണം നൽകി റിസോർട്ടിൽ നിന്ന് രക്ഷപ്പെട്ടു.
ഭീഷണി സഹിക്കാൻ വയ്യാതെ പരാതി : എന്നാൽ സംഭവത്തിന് ശേഷവും പ്രതികൾ വ്യവസായിയെ വിളിച്ച് പണത്തിനായി നിരന്തരം ശല്യം ചെയ്യുകയായിരുന്നു. ഗൂഗിൾ പേയിലൂടെ പണം നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിനിടെ പത്തുലക്ഷത്തിലേറെ രൂപ നഷ്‌ടപ്പെട്ടതിനെത്തുടർന്ന് വ്യവസായി കാവൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നീട് കമ്മിഷണറുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
also read : വൈക്കത്ത് ഹണി ട്രാപ്പ്; രണ്ട് സ്‌ത്രീകളടക്കം മൂന്നുപേർ അറസ്‌റ്റിൽ
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മൂന്നംഘ സംഘം : ഒരാഴ്‌ച മുൻപ് എറണാകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ അനു എന്ന വ്യാജ പേരിൽ മെസേജ് അയച്ചാണ് കുടുക്കിൽ പെടുത്തിയത്. യുവതി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണെന്നും നിലവിൽ നാട്ടിലുണ്ടെന്നും പറഞ്ഞ് സൗഹൃദപരമായി, എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ യുവാവിനെ കോലഞ്ചേരിയിൽ എത്തിക്കുകയായിരുന്നു.
ഈ സമയം സ്ഥലത്ത് കാറിൽ കാത്തിരിക്കുകയായിരുന്ന യുവാക്കൾ തങ്ങളുടെ സഹോദരിക്കാണ് അയാൾ മെസേജ് അയച്ചതെന്നും പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞ് യുവാവിനെ ബലമായി വാഹനത്തിലേയ്‌ക്ക് പിടിച്ചുകയറ്റി. ശേഷം യുവാവിന്‍റെ കയ്യിൽ നിന്നും 23,000 രൂപ കവർന്നെടുത്ത ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് യുവാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.