അഹമ്മദ്‌നഗർ (മഹാരാഷ്‌ട്ര) : ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ട കുരങ്ങനെ ഹണിട്രാപ്പില്‍ കുടുക്കി പിടികൂടി വനംവകുപ്പ് അധികൃതർ. അഹമ്മദ്‌നഗറിലെ സാകൂർ ഗ്രാമത്തിലാണ് കുരങ്ങനെ വ്യത്യസ്‌ത മാർഗത്തിലൂടെ പിടികൂടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികളെ ആക്രമിക്കുകയാണ് കുരങ്ങൻ. ഇതിനകം 25ലേറെ ഗ്രാമവാസികൾ കുരങ്ങന്‍റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ബുധനാഴ്‌ച വൈകുന്നേരം കുരങ്ങന്‍റെ കടിയേറ്റ രണ്ട് പെൺകുട്ടികൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുരങ്ങനെ പിടിക്കാൻ വനംവകുപ്പ് പല ശ്രമങ്ങൾ നടത്തിയിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പെൺകുരങ്ങിനെ കൊണ്ടുവന്നത്.
പ്രദേശത്തെ തസ്‌കർവാഡി റോഡിന് സമീപത്തെ ഫാമിൽ ആൺകുരങ്ങനെ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ആ പ്രദേശത്തേക്ക് പെൺകുരങ്ങിനെ കൊണ്ടുവരികയായിരുന്നു. വശീകരിക്കപ്പെട്ട ആൺകുരങ്ങ് പെൺകുരങ്ങിന് സമീപമെത്തി. ഉടന്‍ വനംവകുപ്പ് കുരങ്ങനെ പിടികൂടുകയായിരുന്നു.