ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സാജദ് അഹ്‌മ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. നിരോധിത തീവ്രവാദ സംഘടനയായ ഹിസ്‌ബുൾ മുജാഹിദ്ദീനുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഷോപിയാനിലെ ഷിർമാൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭ്യമായതിനെ തുടർന്നാണ് പൊലീസും സൈന്യവും സിആർപിഎഫും തെരച്ചിൽ ആരംഭിച്ചത്. കീഴടങ്ങാൻ തീവ്രവാദികൾക്ക് അവസരം നൽകിയെങ്കിലും അവർ കീഴടങ്ങാൻ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
Also Read: നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി
കൊല്ലപ്പെട്ട സാജദ് അഹ്‌മ്മദ് ഭട്ട് 2020 മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമാണെന്നും നിരവധി ഭീകരാക്രമണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന ഒരു പിസ്‌റ്റൾ, ഒരു ഗ്രനേഡ് തുടങ്ങിയവ കണ്ടെത്തിയതായും ഒരു ഒളിത്താവളം തകർത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സാജദ് അഹ്‌മ്മദ് ഭട്ടിന് മറ്റേതെങ്കിലും ഭീകര പ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.