ബെംഗളൂരു : അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ച് രണ്ട് മരണം. കെആർ പുരത്തെ ആർടിഒ ഓഫിസിന് മുന്നിൽ വ്യാഴാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന ഫാസില, തസീന എന്നിവരാണ് മരിച്ചത്. ഫാസിലയുടെ രണ്ട് വയസുള്ള കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9.20 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച തസീനയുടെ ഭർത്താവ് ഖാലിദിന്‍റെ ഓട്ടോയിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഫാസിലയും രണ്ട് മക്കളും ഓട്ടോയിലുണ്ടായിരുന്നു. ഇതിനിടെ കറുത്ത നിറത്തിലുള്ള ഇന്നോവ കാർ അമിത വേഗതയിലെത്തി ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഫാസിലയും, തസീനയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കെആർ പുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽപോയ കാർ ഡ്രൈവർക്കായും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.