വിജയപുര: മുസ്ലീം യുവതിയെ പ്രണയിച്ചുവെന്ന പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതായി പരാതി. രവി നിംബാർഗി (34) എന്ന യുവാവിനെയാണ് ബാലഗാനൂർ ഗ്രാമത്തിലെ കാർഷിക വയലിലെ കിണറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ സഹോദരനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഒക്ടോബർ 21 മുതൽ രവിയെ കാണാതായിരുന്നു. തുടർന്ന് യുവാവിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസ് അന്വേഷിക്കാൻ മൂന്നംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിൽ ഞയറാഴ്‌ച രാവിലെ ഗ്രാമത്തിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ALSO READ:മിഠായി നല്‍കി 10 വയസുകാരിയെ പീഡിപ്പിച്ചു ; 74കാരൻ അറസ്റ്റിൽ
യുവതിയും യുവാവും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് രവിയുടെ ബന്ധു ശശിധർ പറഞ്ഞു. പ്രതികളും അവരുടെ ബന്ധുക്കളും പലതവണ ഇരുവരെയും പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറയുന്നു. യുവതിയുടെ ബന്ധുക്കൾ തങ്ങളുടെ മകനെ കൊലപ്പെടുത്തിയെന്ന രവിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.