കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗ പൂജയിൽ ഗാന്ധിജിയുടെ മുഖം അസുരന്‍റേതായി ചിത്രീകരിച്ചത് വിവാദമാകുന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇന്നലെ(02.10.2022) കൊൽക്കത്തയുടെ കിഴക്കൻ അതിർത്തിയിലുള്ള കസ്‌ബയിലാണ് സംഭവം. ദുർഗാദേവതയാൽ വധിക്കപ്പെടുന്ന അസുരന് ഗാന്ധിജിയുടെ കണ്ണട ഉൾപ്പടെ വളരെ സാമ്യമുള്ള മുഖമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് നിരോധിക്കപ്പെട്ട സംഘടനയാണ് ഹിന്ദു മഹാസഭ. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ തങ്ങൾ ഗാന്ധിജിയെ രാഷ്‌ട്രപിതാവായി അംഗീകരിക്കുന്നില്ലെന്നും ദുർഗ വിഗ്രഹത്തിലെ മുഖം വെറും യാദൃശ്ചികമാണെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്‍റ് മോഹൻതോ സുന്ദർ ഗിരി മഹാരാജ് പറഞ്ഞു. അതേസമയം പൂജ നിർത്തിവയ്‌ക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുന്നതായും സഭ ആരോപിച്ചു.
എല്ലാ അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷമാണ് പൂജ നടത്തുന്നത്. ഇപ്പോൾ ഭരണകൂടത്തിന്‍റെ സമ്മർദത്തെ തുടർന്ന് വിഗ്രഹം മാറ്റി പരമ്പരാഗതമായ മറ്റൊന്ന് സ്ഥാപിക്കുകയും ചെയ്‌തു. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.
ഇതുവരെ കൊൽക്കത്ത നഗരത്തിൽ പൊലീസ് ഒരു പൂജയും നിർത്തിയ സംഭവമൊന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെ വേണ്ടി വന്നാൽ അത് ജനങ്ങളെ അറിയിക്കുമെന്നും കൊൽക്കത്തയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവത്തെ തൃണമൂൽ കോൺഗ്രസ് ശക്തമായി വിമർശിച്ചു.