കൊൽക്കത്ത: കൊൽക്കത്തയിൽ അഖിലേന്ത്യ ഹിന്ദുമഹാസഭ ദുർഗാപൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയിൽ അസുരനായ മഹിഷാസുരന് പകരം മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപം സ്ഥാപിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 188, 283, 153ബി, 34 എന്നിവ പ്രകാരമാണ് അഖിലേന്ത്യ ഹിന്ദുമഹാസഭ ദുർഗാപൂജ പന്തൽ സംഘാടകർക്കെതിരെ കൊൽക്കത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തിലാണ് കൊൽക്കത്തയിലെ കസ്‌ബയിൽ സ്ഥാപിച്ച ദുർഗ പ്രതിമയിലാണ് ഹിന്ദുമഹാസഭ മഹാത്മാഗാന്ധിയെ അസുരനായി ചിത്രീകരിച്ചത്.
ഗാന്ധി കണ്ണട പോലും അസുര രൂപം ധരിച്ചിരുന്നു. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദുമഹാസഭ രംഗത്തെത്തി. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് സംഘാടകർ പ്രതിമയിലെ ഗാന്ധിയുടെ രൂപം മാറ്റി അസുരരൂപം സ്ഥാപിച്ചു. ദുർഗ ദേവി അസുരനെ കൊല്ലുന്നത് ആഘോഷിക്കുന്നതാണ് ദുർഗാപൂജ. ദുഷ്‌ടശക്തികളുടെ നാശത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
പ്രതിഷേധവുമായി കോൺഗ്രസും തൃണമൂലും: സംഭവത്തിൽ ഹിന്ദുമഹാസഭയ്‌ക്കെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. 'നിരക്ഷരരുടെ ഒരു കൂട്ടം' എന്ന് ബിഹാർ പിസിസി വക്താവ് അസിത് നാഥ് തിവാരി ഹിന്ദുമഹാസഭ പ്രവർത്തകരെ വിശേഷിപ്പിച്ചു. ഗാന്ധിജിയുടെ പ്രത്യയശാസ്‌ത്രത്തിനെതിരെ വളരെ കാലമായി പ്രവർത്തിക്കുന്ന ഇവർ നാഥുറാം ഗോഡ്‌സെയെ ദൈവമായി കരുതുന്നവരാണ്. ഇവർക്ക് അൽപം ബുദ്ധി നൽകാനും അവരോട് ക്ഷമിക്കാനും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ നേതാവ് ഡി രാജ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇത് അങ്ങേയറ്റം അപലപനീയമാണ്. രാഷ്‌ട്രപിതാവായ ഗാന്ധിയെ എങ്ങനെയാണ് ആർക്കെങ്കിലും ഇകഴ്‌ത്താൻ കഴിയുക? ഗാന്ധിജിയെ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാരും പൊലീസും നടപടിയെടുക്കണമെന്ന് ഡി രാജ ഇടിവി ഭാരതിനോട് പ്രതികരിച്ചു. മതേതര തത്വങ്ങൾക്ക് വേണ്ടിയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയും മഹാത്മാഗാന്ധി എന്നും നിലകൊണ്ടുവെന്നും ഡി രാജ പറഞ്ഞു.