ഷിംല: അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് കേസുകളുടെ വെളിച്ചത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പത്ത് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. മെയ് ഏഴ് രാവിലെ ആറ് മണി മുതൽ മെയ് 17 രാവിലെ ആറ് മണി വരെയാകും കർഫ്യൂ നിലനിൽക്കുക. അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടുമെന്നും സർക്കാർ അറിയിച്ചു.
Also Read: ഇരട്ട വേരിയന്‍റാണ് കൊവിഡ് കേസുകളുടെ വർധനവിന് കാരണമെന്ന് എൻസിഡിസി
പുറമേ നിന്നും സംസ്ഥാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് ഇല്ലാതെ പുറത്തുനിന്നുള്ള ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. കൂടാതെ എസ്‌എസ്‌എൽസി പരീക്ഷ റദ്ദാക്കുമെന്നും എല്ലാ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകുമെന്നും സർക്കാർ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ വിനാശകരമായ തരംഗത്തിനാണ് നിലവിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ച 3,842 പുതിയ കൊവിഡ് കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 25,902 ആണ്. അതേസമയം രാജ്യത്തുടനീളം 3,82,315 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ സജീവ കേസുകൾ 34,87,229 ആയി.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ