ധർമശാല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഏറെ സന്തോഷിക്കുകയല്ല, ആശ്വസിക്കുകയാണ് കോൺഗ്രസ്. കാരണം ഗുജറാത്തില്‍ വേരോടെ പിഴുതെറിയപ്പെടുമ്പോഴും ഹിമാചല്‍ പ്രദേശ് കോൺഗ്രസിന് വലിയ പ്രതീക്ഷ നല്‍കുകയാണ്. അഞ്ച് വർഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താമെന്ന സൂചനയാണ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഹിമാചലില്‍ നിന്ന് കോൺഗ്രസിന് ലഭിക്കുന്നത്.
കോൺഗ്രസിന്‍റെ ലീഡ് കേവലഭൂരിപക്ഷം കടക്കുമ്പോൾ ദേശീയ നേതാക്കൾ ഹിമാചലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. 35 സീറ്റുകളാണ് ഹിമാചല്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില കോൺഗ്രസ് 39 സീറ്റായി വർധിപ്പിച്ചുകഴിഞ്ഞു.
മാറ്റത്തിന് വേണ്ടി വോട്ട്: രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സ്വന്തം നാട്ടില്‍ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് പ്രിയങ്ക ഗാന്ധിയാണ്. തെരഞ്ഞെടുപ്പ് റാലികൾ മുതല്‍ വീട് കയറി പ്രചാരണത്തിന് വരെ അവർ മുന്നില്‍ നിന്നു. മാറ്റത്തിന് വേണ്ടി വോട്ട് എന്ന മുദ്രാവാദ്യവുമായി പരിവർത്തൻ പ്രതിജ്ഞ എന്ന പേരില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ജാഥ ഹിമാചലില്‍ കോൺഗ്രസിന് അനുകൂല വികാരം സൃഷ്‌ടിച്ചു.
'വാഗ്‌ദാനങ്ങൾ വെറും വാക്കല്ലെന്ന്': ഒരുലക്ഷം പേർക്ക് തൊഴില്‍ എന്ന തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്‌ദാനം ഭരണവിരുദ്ധ വികാരം അലയടിച്ച ഹിമാചലില്‍ കോൺഗ്രസ് നടത്തിയ തന്ത്രപൂർവമായ പ്രചാരണത്തിന്‍റെ ആദ്യഘട്ടമായിരുന്നു. അതിനൊപ്പം 'ഓൾഡ് പെൻഷൻ പദ്ധതി' പുന;സ്ഥാപിക്കുമെന്ന വാഗ്‌ദാനവും വോട്ടർമാരെ സ്വാധീനിച്ചു. അതിലെല്ലാമുപരി ആകെയുള്ള 68 മണ്ഡലങ്ങളില്‍ 42 മണ്ഡലങ്ങളില്‍ സ്ത്രീവോട്ടർമാർ കൂടുതലാണെന്ന വിലയിരുത്തലില്‍ 'ലക്ഷ്‌മി യോജന' എന്ന പേരില്‍ സ്ത്രീ വോട്ടർമാർക്കായി പ്രത്യേക ആശ്വാസ പദ്ധതിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്‌ദാനം ചെയ്‌തു. തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നി വിഷയങ്ങൾ സ്ത്രീ വോട്ടർമാരിലും യുവ വോട്ടർമാരിലും സ്വാധീനമുണ്ടാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് പറയുകയും ചെയ്‌തു.
കണക്കൂട്ടി കളത്തിലിറങ്ങിയ കോൺഗ്രസ്: ആറ് വർഷത്തിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 30 നേതാക്കൻമാരെയാണ് കോൺഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കുകയോ മാറ്റി നിർത്തുകയോ ചെയ്‌തത്. ബിജെപിയില്‍ അധികാരതർക്കവും പടലപിണക്കവും രൂക്ഷമായപ്പോൾ ബിജെപി നേതാക്കൻമാരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാതെ ബിജെപിയെ രാഷ്ട്രീയമായി വിമർശിക്കാനാണ് ഹിമാചല്‍ കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. മോദി പ്രഭാവം വോട്ടാകുമെന്ന് ബിജെപി പ്രതീക്ഷിച്ചപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വം വോട്ടർമാരിലേക്ക് ഇറങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അലയടിച്ച ഭരണവിരുദ്ധ വികാരം: ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. 1985ന് ശേഷം ഹിമാചല്‍ പ്രദേശില്‍ തുടർഭരണം സംഭവിച്ചിട്ടില്ലെന്ന വസ്‌തുത കൂടി കണക്കിലെടുത്താണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. അതിനൊപ്പം ഹിമാചല്‍ ബിജെപി നേതൃത്വത്തിലുണ്ടായ പടലപ്പിണക്കവും കാര്യങ്ങൾ എളുപ്പമാക്കി.
ആംആദ്‌മി പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസില്‍ ജയില്‍ ആയത് ആപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാല്‍ ആപ്പിന് ലഭിക്കേണ്ട വോട്ടുകൾ കൈപ്പത്തി ലഭിച്ചുവെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. വലിയ പ്രചാരണം നടത്തിയ ആപ്പ്, ഹിമാചലില്‍ സമ്പൂർണ പരാജയമായതും കോൺഗ്രസിന് അനുകൂലമായി.