ഷിംല : ഹിമാചൽ പ്രദേശിലെ 68 നിയമസഭ മണ്ഡലങ്ങളിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പ് അവസാനിച്ചു. രേഖപ്പെടുത്തിയത് 65.92 ശതമാനം പോളിങ്ങാണ്. തെരഞ്ഞെടുപ്പ് അവസാനിച്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കാണിത്. നിലവിലെ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും കുടുംബവും മാണ്ഡി ജില്ലയിലെ സെറാജ് മണ്ഡലത്തിൽ വോട്ടുരേഖപ്പെടുത്തി.
സമ്മതിദാനം രേഖപ്പെടുത്തി ജനങ്ങള്‍ മികച്ച പ്രതികരണമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ കുടുംബത്തോടൊപ്പം സമീർപുരിൽ വോട്ടുരേഖപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും കുടുംബവും ഝന്ദുല മണ്ഡലത്തിലെ വിജയ്‌പൂരിലാണ് വോട്ടുചെയ്‌തത്.
രാവിലെ എട്ടിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി തുടർഭരണം പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയും മത്സര രംഗത്തുണ്ടായിരുന്നു.