പട്‌ന: രാജ്യത്ത് ഹിജാബ്-കാവി ഷാള്‍ വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. മതവികാരം മാനിക്കുന്ന ഒരു സംസ്ഥാനമാണ് ബിഹാറെന്നും സംസ്ഥാനത്ത് ഹിജാബ് ഒരു പ്രശ്‌നമല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 'ബിഹാറിലെ സ്‌കൂളുകളിൽ കുട്ടികൾ ഒരേ തരത്തിലുള്ള വസ്‌ത്രമാണ് ധരിക്കുന്നത്... അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഞങ്ങള്‍ പരസ്‌പരം മതവികാരം മാനിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി അയാള്‍ വിശ്വസിക്കുന്ന മതം ആചരിക്കുന്നതില്‍ ഇടപെടാറില്ലെന്നും ജനങ്ങൾ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. 'ഒരാളുടെ മതമോ സംസ്‌കാരമോ ആചരിക്കുന്ന രീതിയിൽ ഞങ്ങൾ ഇടപെടുന്നില്ല. അതിനാല്‍ അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യമില്ല' അദ്ദേഹം പറഞ്ഞു
നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സ്‌കൂളുകളിൽ ശരിയായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ യോഗി, യുപിയിലെ പൊതുജനങ്ങളോടോ തൊഴിലാളികളോടോ കാവി ധരിക്കാൻ താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും വസ്‌ത്രധാരണം വ്യക്തിപരമായ തീരുമാനമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സ്ഥാപനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഭരണഘടന പാലിക്കണമെന്നും യോഗി നിലപാട് വ്യക്തമാക്കിയിരുന്നു.
ഈ വർഷം ജനുവരിയിൽ ഉഡുപ്പിയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളേജിലെ ചില വിദ്യാർഥികളെ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അന്താരാഷ്‌ട്ര തലത്തില്‍ വരെ വിഷയം ചര്‍ച്ചയായിരുന്നു. ഹിജാബ് വിലക്കിയതിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജി നിലവില്‍ കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലാണ്.
Also read: കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍: കോർബെവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി