കൊൽക്കത്ത: കേന്ദ്ര സേനയുടെ 789 കമ്പനികളെ പശ്ചിമ ബംഗാളിലെ നാലാം ഘട്ട തെരഞ്ഞെടുപ്പിൽ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഏഴ് ജില്ലകളിലെ 44 നിയമസഭ മണ്ഡലങ്ങളിൽ ഏപ്രിൽ 10 നാണ് വോട്ടെടുപ്പ്.
നിലവിൽ സംസ്ഥാനത്ത് 800 ഓളം കേന്ദ്ര സേനകളുണ്ട്. എന്നാൽ അടുത്തിടെ തെരഞ്ഞെടുപ്പ് അവസാനിച്ച അസമിൽ നിന്ന് 200 ഓളം കമ്പനികളെ അയക്കുമെന്ന് കമ്മിഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കേന്ദ്ര സേനാ സംഘങ്ങള്‍ 1,000 കമ്പനിയാകും. സംസ്ഥാനത്ത് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കൂടിയ വിന്യാസമാണിതെന്നും 200 അധിക കമ്പനികളെ ഉത്തര ബംഗാളിലെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുമെന്നും സംസ്ഥാനത്തെ മുതിർന്ന കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂച്ച്ബഹാറിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലാണ് ശനിയാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ജില്ലയിലെ 1,882 കേന്ദ്രങ്ങളിലെ 3,229 ബൂത്തുകളിലായി കേന്ദ്ര സേനയിലെ 187 കമ്പനികളെ വിന്യസിക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മിഷൻ അധികൃതർ അറിയിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിൽ 184 കമ്പനികളെ വിന്യസിക്കും. കൊൽക്കത്തയുടെ ഭരണ പരിധിയിൽ വരുന്ന ജാദവ്പൂർ, കസ്ബ, ബെഹാല ഈസ്റ്റ്, ബെഹാല വെസ്റ്റ്, ടോളിഗുഞ്ചെ എന്നിവയുൾപ്പെടെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ 100 കമ്പനികളെയും അനുവദിക്കും. ബാക്കി ആറ് നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടത്തിപ്പിനായി 44 കമ്പനികളെ കമ്മിഷൻ വിന്യസിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ നിയമസഭ മണ്ഡലങ്ങളിൽ 721 കേന്ദ്രങ്ങളിലെ 2,343 ബൂത്തുകളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമെ ഹൂഗ്ലി ജില്ലയിലെ 10 നിയമസഭ മണ്ഡലങ്ങൾക്കായി 174 കമ്പനി കേന്ദ്ര സേനയേയും ഹൗറ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ 140 കമ്പനികളെയും അലിപൂർദ്വാർ ജില്ലയില്‍ 98 കമ്പനികളെയും വിന്യസിക്കും. അലിപുർദ്വാറുമായി അതിർത്തി പങ്കിടുന്നതിനാൽ ജൽപായ്‌ഗുരിക്ക് കേന്ദ്രസേനയുടെ ആറ് കമ്പനികളെയും കമ്മിഷൻ അനുവദിച്ചു.