ഛത്തീസ്‌ഗഡ് : 424-ല്‍ അധികം വിഐപികളുടെ സുരക്ഷ പിന്‍വലിച്ച പഞ്ചാബ് സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ഹരിയാന, പഞ്ചാബ് ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് സുരക്ഷ പിന്‍വലിച്ചതെന്നും, അവരുടെ പട്ടിക എങ്ങനെ പരസ്യമായെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം പഞ്ചാബ് സർക്കാർ ഇതുസംബന്ധിച്ച് സീൽ ചെയ്‌ത കവറില്‍ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി, സുരക്ഷ പിൻവലിക്കുന്ന സമയത്ത് എല്ലാവരുടെയും മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നുണ്ടോയെന്ന് പഞ്ചാബ് സർക്കാരിനോട് ചോദിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിൻ ഈ വിഷയത്തിൽ പഞ്ചാബ് സർക്കാരിന് വേണ്ടിയും കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. വിവിധ ആളുകൾക്ക് നൽകുന്ന സുരക്ഷ കേന്ദ്രസർക്കാരും ശ്രദ്ധിക്കുന്നുണ്ടെന്നും ചിലരുടേത് കുറയ്ക്കുകയും ചിലരുടേത് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും പരസ്യപ്പെടുത്തുന്നില്ലെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.
സുരക്ഷ പിൻവലിച്ച ഉത്തരവ് ചോദ്യം ചെയ്‌ത് മുൻ കോൺഗ്രസ് എംഎൽഎ ഒപി സോണിയും, അകാലിദള്‍ നേതാവ് വീര്‍ സിങ് ലൊപോകെയുമാണ് കോടതിയെ സമീപിച്ചത്. ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഒപി സോണി. അകാലിദള്‍ നേതാവിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിന് നോട്ടിസ് അയയ്ക്കുകയും അദ്ദേഹത്തിന് രണ്ട് സുരക്ഷ ജീവനക്കാരെ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.