കൈമൂർ (ബിഹാര്‍): കൈമൂറിലെ ഒരു വിവാഹ വേദിക്കു മുമ്പില്‍ കണ്ട ഹെലികോപ്‌റ്റര്‍ അതിഥികളില്‍ ആദ്യം അമ്പരപ്പാണുണ്ടാക്കിയത്. സെലിബ്രിറ്റികളാരെങ്കിലും വിവാഹത്തിന് എത്തിയോ എന്ന സംശയത്തില്‍ കൂട്ടത്തില്‍ ചിലര്‍ വേദിയില്‍ ചെറിയൊരു അന്വേഷണവും നടത്തി. എന്നാല്‍ അല്‍പസമയത്തിനകം സസ്‌പെന്‍സിന് വിരാമമായി.
വിവാഹ ശേഷം വധൂവരന്‍മാര്‍ക്ക് വരന്‍റെ വീട്ടിലേക്ക് പോകാനുള്ള കാറായിരുന്നു അത്. ഹെലികോപ്‌റ്റര്‍ രൂപത്തില്‍ പരിഷ്‌കരിച്ച കാറ് ഏര്‍പ്പാടാക്കിയതാകട്ടെ വരന്‍റെ സുഹൃത്തുക്കളും. നിമിഷനേരം കൊണ്ട് ഈ ഹെലികോപ്‌റ്റര്‍ കാര്‍ അതിഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഇടയില്‍ ഹിറ്റായി.
കാറ് അടുത്തു കാണാനും ഉള്‍ഭാഗം കാണാനുമൊക്കെയായി ആളുകള്‍ കാറിന് ചുറ്റും കൂടി. വാഗണ്‍ ആര്‍ കാറാണ് എട്ടുമാസം കൊണ്ട് ചോപ്പര്‍ രൂപത്തിലേക്ക് മാറ്റിയത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ ഹെലികോപ്‌റ്റാണെന്നേ പറയൂ. അത്രക്കാണ് സാമ്യം.
ഹെലികോപ്‌റ്ററിന് സമാനമായി കാറിന് മുകളില്‍ സജ്ജീകരിച്ച ഓവര്‍ ടോപ്പ് ബ്ലേഡുകളാണ് കാറിന്‍റെ പ്രധാന ആകര്‍ഷണം. കൈമൂര്‍ സ്വദേശിയായ അമര്‍നാഥ് കുമാര്‍ ഗുപ്‌ത ഏഴു ലക്ഷം രൂപക്കാണ് മുംബൈയില്‍ നിന്ന് കാര്‍ വാങ്ങിയത്. ഒരു ദിവസത്തെ ഉപയോഗത്തിന് 7,000 രൂപ എന്ന നിരക്കിലാണ് അദ്ദേഹം കാര്‍ വാടകക്ക് നല്‍കുന്നത്.
കൈമൂര്‍ ജില്ലയില്‍ മാത്രമല്ല സമീപ ജില്ലകളിലും ഇപ്പോള്‍ ഹെലികോപ്‌റ്റര്‍ കാറാണ് സംസാര വിഷയം. കൂടാതെ കാറിന് ആവശ്യക്കാരും ഏറെയാണ്. റോഹത്‌സ്, ഭോജ്‌പൂർ, ബക്‌സർ എന്നിവിടങ്ങളിൽ നിന്നെല്ലാം വാഹനം വാടകയ്‌ക്ക് എടുക്കാന്‍ നിരവധി ആളുകളാണ് താത്‌പര്യം പ്രകടിപ്പിച്ചതെന്ന് അമര്‍നാഥ് കുമാര്‍ ഗുപ്‌ത പറഞ്ഞു. നവംബർ 25 മുതൽ ബുക്കിങ് ആരംഭിക്കുമെന്നാണ് ഗുപ്‌ത പറയുന്നത്. കാറ് വാടകക്ക് നല്‍കുന്ന കാര്യത്തില്‍ കൈമൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഗുപ്‌ത.
മറ്റു ജില്ലകളിൽ നിന്നുള്ള ഓർഡറുകൾക്ക് തന്‍റെ നാട്ടുകാരില്‍ നിന്ന് ഈടാക്കുന്നതിനെക്കാള്‍ കൂടുതല്‍ വാടകയാണ് അമര്‍നാഥ് കുമാര്‍ ഗുപ്‌ത ആവശ്യപ്പെടുന്നത്. വാടക എത്ര ആണെങ്കിലും വിവാഹം ആഢംബരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ തേടി വരുമെന്നാണ് ഗുപ്‌തയുടെ പക്ഷം.