ന്യൂഡൽഹി : കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സിഐസി) തലവനായി ചുമതലയേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ഹീരാലാല്‍ സമരിയ. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒക്‌ടോബര്‍ 3ന് വൈ കെ സിന്‍ഹയുടെ കാലാവധി അവസാനിച്ചതോടെയാണ് സമരിയയെ പുതിയ കമ്മിഷന്‍ തലവനായി നിയമിച്ചത് (Chief Information Commissioner).
നിലവില്‍ ഹീരാലാല്‍ സമരിയ ഉള്‍പ്പെടെ രണ്ട് കമ്മിഷണര്‍മാരാണ് കമ്മിഷനിലുള്ളത്. എട്ട് വിവരാവകാശ കമ്മിഷണര്‍മാരുടെ ഒഴിവുണ്ട്. മുഖ്യ വിവരാവകാശ കമ്മിഷണറുടെ നേതൃത്വത്തിലാണ് കമ്മിഷൻ പ്രവർത്തിക്കുക (New Chief Information Commissioner Heeralal Samariya).
പരമാവധി 10 പേരാണ് കേന്ദ്ര കമ്മിഷനില്‍ വേണ്ടത്. അല്ലാത്തപക്ഷം 2005ലെ വിവരാവകാശ നിയമ പ്രകാരം കമ്മിഷന്‍ നിര്‍ജീവമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് വേഗത്തില്‍ വൈ കെ സിന്‍ഹയുടെ സ്ഥാനത്ത് ഹീരലാല്‍ സരിയയെ നിയമിച്ചത്. ഒക്‌ടോബര്‍ 30നാണ് ഈ തസ്‌തിക നികത്താന്‍ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇതേ തുടര്‍ന്നാണ് നിയമനം വേഗത്തില്‍ നടപ്പിലാക്കിയത്. സിഐസിയിലെയും സംസ്ഥാന വിവരാവകാശ കമ്മിഷനുകളിലെയും ഒഴിവുകള്‍ ഗൗരവമായി പരിശോധിച്ച കോടതി സംസ്ഥാനങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനോട് (DOPT) ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിശോധനയ്‌ക്ക് നിര്‍ദേശം നല്‍കിയത്.
എസ്‌ഐസികളിലെ (State Information Commission) വിവരാവകാശ കമ്മിഷണര്‍മാരുടെ എണ്ണം, നിലവിലുള്ള ഒഴിവുകള്‍, തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടത്.
also read: 'സ്ഥാനമാറ്റം ശിക്ഷയല്ല, കേന്ദ്ര പദ്ധതി': ഭൗമശാസ്‌ത്ര മന്ത്രിയായി കിരണ്‍ റിജിജു ചുമതലയേറ്റു