ജയ്‌പൂര്‍: അറബിക്കടലില്‍ രൂപംകൊണ്ട് ഗുജറാത്ത് തീരങ്ങളില്‍ വീശിയടിച്ച ബിപര്‍ജോയ് രാജസ്ഥാന്‍ തീരത്തെത്തി. രാജസ്ഥാനിലെ വിവിധ ജില്ലകളും കനത്ത മഴയ്‌ക്കും കാറ്റിനുമാണ് സാക്ഷ്യം വഹിക്കുന്നത്. കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടമുണ്ടായ രാജസ്ഥാനിലെ ബാര്‍മര്‍, സിരോഹി, ഉദയ്‌പൂര്‍, ജലോര്‍, ജോധ്‌പൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
രാജസ്ഥാനില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ബിപര്‍ജോയ് പ്രഭാവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ആകാശം മേഘാവൃതമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതയിടത്തേക്ക് മാറ്റിയത്. ബാര്‍മര്‍, സിരോഹി, ഉദയ്‌പൂര്‍, ജലോര്‍, ജോധ്‌പൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
വൈദ്യുതി തൂണുകള്‍ മറിഞ്ഞു വീണ് വിതരണം താറുമാറായി. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ അപകട സാധ്യത കണക്കിലെടുത്ത് അംഗനവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു.
ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി: ബിപര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉദയ്‌പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി.
സിരോഹി ജില്ലയില്‍ കനത്ത മഴ: ബിപര്‍ജോയ് പ്രഭാവത്തില്‍ സിരോഹി ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ദുരന്ത സാധ്യത മേഖലയില്‍ നിന്നുള്ള ജനങ്ങളെ സുരക്ഷിതയിടത്തേക്ക് മാറ്റി. കാറിന് മുകളില്‍ മരം കടപുഴകി വീണും അപകടമുണ്ടായി.
മൗണ്ട് അബുവില്‍ കനത്ത മഴ: ബിപര്‍ജോയ്‌യെ തുടര്‍ന്ന് മൗണ്ട് അബു പര്‍വ്വത നിരകളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ പര്‍വ്വത നിരകളില്‍ നിന്നും ഉത്‌ഭവിക്കുന്ന നീരുറവകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മേഖലയില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്.
മരങ്ങള്‍ കടപുഴകി വീണതോടെ മൗണ്ട് അബുവിന് പരിസരത്തുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. മൗണ്ട് അബു സബ് ഡിവിഷനിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം നക്കിലേക്കിൽ ബോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. കൊടുങ്കാറ്റ് കാരണം, വിനോദ സഞ്ചാരികളും മൗണ്ട് അബുവിലേക്ക് എത്തുന്നില്ല. നിരവധി വിനോദ സഞ്ചാരികൾ അവരുടെ ബുക്കിങ്ങുകള്‍ റദ്ദാക്കി.
ജാഗ്രത പാലിക്കാന്‍ നിര്‍ദേശവുമായി കലക്‌ടര്‍: ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ ഡോ.ഭവർലാൽ ചൗധരി നിര്‍ദേശിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ദുരന്തത്തെ നേരിടാന്‍ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.