ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി, 37 പേർക്ക് പരിക്കേറ്റു, 19 പേരെ കാണാതായി. സംസ്ഥാനത്ത് ഇതുവരെ 650 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ. ഇത് വരും ദിവസങ്ങളിൽ വർധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഇത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് ദുരന്തനിവാരണ വകുപ്പ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദുരിതബാധിത പ്രദേശങ്ങളില്‍ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
രണ്ട് ഹെലികോപ്‌റ്ററുകളും രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ വകുപ്പ് കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചൗക്കി ഫാറ്റയ്‌ക്ക് കീഴിലുള്ള തർസാലിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച (ഓഗസ്റ്റ് 10) ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് തീർഥാടകരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
കേദാർനാഥിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. റോഡിന്‍റെ 60 മീറ്ററോളം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. രുദ്രപ്രയാഗ് ഉൾപ്പടെ സംസ്ഥാനത്തെ പല ജില്ലകളിലും രണ്ട് ദിവസമായി കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
മഴയിൽ വിറങ്ങലിച്ച് ഉത്തരാഖണ്ഡ് : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്തമായ മഴയാണ് ഉത്തരാഖണ്ഡിലെ പല ജില്ലകളിലും അനുഭവപ്പെടുന്നത്. ഇന്നും നാളെയും (ഓഗസ്റ്റ് 14) റെഡ് അലര്‍ട്ടാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതിശക്തമായ മഴ്‌ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ രണ്ടാം വാരത്തിലും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്‌തിരുന്നു. ഇടതടവില്ലാതെ പെയ്‌ത മഴയില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ മഴയില്‍ സംസ്ഥാനത്തിന്‍റെ മലയോര മേഖലകളിലും സമതല പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ ഏറെ മോശമായി. നദികളില്‍ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ മന്ദാകിനി നദിയില്‍ ഒഴുക്കില്‍പ്പെട്ട് 20 പേരെ കാണാതായിരുന്നു. ഓഗസ്റ്റ് മൂന്നിന് രാത്രിയിലായിരുന്നു അപകടം. മലകളില്‍ നിന്നും പാറകള്‍ വീണതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്.
പാറകള്‍ വീണതിനെ തുടര്‍ന്ന് മലമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് കടകള്‍ തകര്‍ന്നു. ഈ കടയിലുണ്ടായിരുന്ന 23 പേരാണ് നദിയില്‍ വീണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ഹിമാചലിലും മുന്നറിയിപ്പ്: ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. സംസ്ഥാനത്തിന്‍റെ മലയോര മേഖലകളിലൂടെയുള്ള യാത്രകള്‍ക്കാണ് നിയന്ത്രണം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്‍കരുതല്‍ നടപടിയെന്നോണം രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.