അമരാവതി : ആന്ധ്രയിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 31 ആയി (Heavy rain in Andhra Pradesh). തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആന്ധ്രയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി (Flood in Andhra Pradesh). നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും റോഡുകളിൽ കുടുങ്ങി.
നിരവധിയിടങ്ങളിൽ ഗതാഗതം തടസപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ പെന്നാ നദി കരകവിഞ്ഞൊഴുകിയതിനാൽ സംസ്ഥാനത്തിന് പുറത്തേക്കുള്ള 100 ലധികം ട്രെയിനുകൾ റദ്ദാക്കിയതായും ചില വണ്ടികള്‍ റൂട്ട് തിരിച്ചുവിട്ടതായും സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. ചെന്നൈ-കൊൽക്കത്ത ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന നെല്ലൂർ-വിജയവാഡ റോഡുകളിലും ഗതാഗതം സ്തംഭിച്ചു.
അന്നമയ്യ പദ്ധതി വഴി ചെയ്യേരു നദിയിൽ നിർമിച്ച മൺകെട്ട് തകർന്നതിനെത്തുടർന്ന് കടപ്പ ജില്ലയിൽ മാത്രം 18 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. ഏക്കർ കണക്കിന് വിളകൾ നശിച്ചു. പതിനായിരക്കണക്കിന് വീടുകളും കന്നുകാലികളും പ്രളയജലത്തിൽ ഒലിച്ചുപോയി. പ്രദേശത്തെ കെട്ടിടത്തിനുള്ളിൽ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന അമ്മയെയും കുഞ്ഞിനെയും പൊലീസും അഗ്നിശമന സേനാംഗങ്ങളും തൽക്ഷണം രക്ഷപ്പെടുത്തി.
വെലിഗല്ലു ജലസംഭരണി കവിഞ്ഞൊഴുകിയതിനെ തുടർന്ന് പാപാഗ്നി നദിക്കിടയിലെ പാലം തകർന്നു. ഇതുമൂലം കടപ്പ, അനന്തപുരം ജില്ലകൾ തമ്മിലുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. കൂടാതെ നെല്ലൂർ ജില്ലയിലെ പടുഗുപാടിൽ ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.