ചെന്നൈ: ചെന്നൈയില്‍ ശനിയാഴ്‌ച രാത്രി മുതല്‍ പെയ്‌ത കനത്ത മഴ തുടരുന്നു. 2015ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിയ്ക്കുന്നത്. നഗരത്തിന്‍റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഞായറാഴ്‌ച രാവിലെ 8.30 വരെയുള്ള കണക്കുകള്‍ പ്രകാരം ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും യഥാക്രമം 21.5 സെന്‍റി മീറ്റര്‍, 11.3 സെന്‍റി മീറ്റര്‍ മഴയാണ് ലഭിച്ചത്. 2015 നവംബര്‍ 15, 16 തീയതികളില്‍ 24 മണിക്കൂറിനിടെ ചെന്നൈയില്‍ 24.6 സെന്‍റി മീറ്റര്‍ മഴയാണ് ലഭിച്ചത്.
മുന്‍കരുതലിന്‍റെ ഭാഗമായി കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചെമ്പരംപക്കം തടാകത്തിന്‍റേ ഗേറ്റുകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. 500 ക്യൂസെക്‌സ് വെള്ളം ഇതിലൂടെ പുറത്ത് വിടും. ചെന്നൈ നഗരത്തിലേയ്ക്കുള്ള പ്രധാന ജല ശ്രോതസാണ് ചെമ്പരംപക്കം തടാകം.
തടാകത്തില്‍ നിന്ന് അധിക ജലം പുറത്ത് വിടുന്നതിനാല്‍ സിരുക്കൊളത്തൂര്‍, കവണൂര്‍, കുന്ദ്രത്തൂര്‍, തിമുടിവക്കം, വഴത്തിമ്പേട്, തിരുനീര്‍മലൈ എന്നി പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടിയാര്‍ പുഴയുടെ ഇരു കരയിലുമുള്ളവരെ മാറ്റി പാര്‍പ്പിയ്ക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍, മന്ത്രിമാര്‍ എന്നിവര്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തമിഴ്‌നാടിന് പുറമേ പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിയ്ക്കുന്നത്.
Also read: മുല്ലപ്പെരിയാർ: മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി