ദാമോ: മധ്യപ്രദേശിലെ ദാമോ (Damoh) ജില്ലയിൽ സർക്കാർ ഹോസ്‌റ്റലിൽ കഴിയുന്ന ബധിരയും മൂകയുമായ പെൺകുട്ടി പീഡനത്തിനിരയായി. ദാമോയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സർവശിക്ഷാ അഭിയാന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്‌റ്റലിലാണ് സംഭവം. ഇതേ ഹോസ്റ്റലിലെ വാച്ച്മാനായ ഓം പ്രകാശ് തിവാരിയാണ് പീഡനത്തിന് പിന്നിൽ (Hearing And Speech Impaired Girl Raped By Hostel Watchman).
പത്തു വയസ്സുള്ള പെൺകുട്ടിയാണ് ഇന്നലെ (ചൊവ്വാഴ്‌ച) ക്രൂര പീഡനത്തിനിരയായത്. കുട്ടിയെ പീഡിപ്പിച്ചതുകൂടാതെ പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതോടെ വാച്ച്മാനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ കഴിഞ്ഞ 5 വർഷമായി വികലാംഗ ഹോസ്‌റ്റലിൽ ജോലി ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടി വേദനകൊണ്ട് പുളയുന്നതും, അവളുടെ വസ്ത്രത്തിൽ രക്തം പറ്റിയതും കണ്ട് ഹോസ്‌റ്റൽ ജീവനക്കാർ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് പിന്നാലെ ഹോസ്‌റ്റൽ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹോസ്‌റ്റലിലെത്തിയ കോട്വാലി പോലീസ് പ്രതി രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (IPC), പോക്‌സോ (POCSO) എന്നിവ പ്രകാരം ബലാത്സംഗത്തിന് കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: '142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ
സ്‌കൂൾ വാൻ ഡ്രൈവർ പീഡിപ്പിച്ചു: ബിഹാറിലെ ബെഗുസാരായിൽ രണ്ട് വിദ്യാർഥിനികളെ സ്‌കൂൾ ബസ് ഡ്രൈവർ ബലാത്സംഗത്തിനിരയാക്കി (Two School Girls Molested In Begusarai). ബെഗുസാരായിയിലെ ബിർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് അഞ്ച് വയസുകാരികൾ പീഡനത്തിനിരയായത്. സ്‌കൂളിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന്‍റെ വീഡിയോ ഡ്രൈവർ ഫോണിൽ പകർത്തുകയും ചെയ്‌തു.
സംഭവത്തിന് ശേഷം പ്രതി രണ്ട് പെൺകുട്ടികളെയും വീട്ടിൽ ഇറക്കി മടങ്ങി. വീട്ടിലെത്തിയ ഉടൻ പെൺകുട്ടികൾ വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഒരു പെൺകുട്ടിയുടെ വീട്ടുകാർ ഡ്രൈവറെ പിടികൂടി. ഇതിന് പിന്നാലെയാണ് പൊലീസ് വിവരം അറിഞ്ഞത്. സംഭവം പുറത്തായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രതിയായ ബസ് ഡ്രൈവറെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തു. ഇയാൾ മൊഫ്യൂസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി സ്‌കൂളിലെ മെയിന്‍റനൻസ് വാഹനത്തിന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി.
Also Read: 7 വയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തു; അമ്മയ്‌ക്ക് നാല് പതിറ്റാണ്ട് ജയില്‍ ശിക്ഷ