കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്‍റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഗുരുതരമായ തകരാറുകൾ വീണ്ടും തുറന്നുകാട്ടുകയാണ്. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഓക്സിജൻ, വെന്‍റിലേറ്ററുകൾ, കിടക്കകൾ എന്നിവയ്ക്ക് കടുത്ത ക്ഷാമമുണ്ട്. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്താദ്യമായി ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 3.14 ലക്ഷം കവിഞ്ഞു. ഇന്ത്യയിലെ മികച്ച ഏഴ് നഗരങ്ങളിലെ ആരോഗ്യ സൗകര്യങ്ങളെക്കുറിച്ച് ഒരു പ്രത്യേക റിപ്പോർട്ടാണ് ഇടിവി ഭാരത് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
കിടക്കകളുടെ ലഭ്യത
രാജ്യത്തെ മിക്ക ആശുപത്രികളിലും കിടക്കകളുടെ കുറവ് കാരണം കൊവിഡ് രോഗികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ആദ്യ തരംഗത്തിനുശേഷം രാജ്യത്തുടനീളമുള്ള നിരവധി ആശുപത്രികളെയാണ് കൊവിഡ് ചികിത്സകേന്ദ്രങ്ങളാക്കിയത് എന്നാൽ ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ രോഗികൾ വരുന്ന രീതി ആശുപത്രി മാനേജ്മെന്റിനും രോഗികൾക്കും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചു. മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളും പ്രവേശനം നേടുന്നതുകൊണ്ട് തന്നെ ആശുപത്രി അധികൃതർക്കും സമ്മർദമാണ്.
ഓക്സിജന്‍ ലഭ്യത
ഓക്സിജന്‍റെ ലഭ്യതക്കുറവാണ് രോഗികളെ വേട്ടയാടുന്ന മറ്റൊരു പ്രശ്നം. ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓക്സിജന്‍റെ കുറവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. ശ്വാസതടസം നേരിടുന്ന രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓക്സിജൻ ഉപഭോഗം വർധിക്കുന്നു. മറ്റ് പല രോഗങ്ങളും അനുഭവിക്കുന്നവർക്ക് ഓക്സിജൻ ആവശ്യമാണ് ഇത് പല ആശുപത്രികളിലും ഓക്സിജന്റെ കുറവിന് കാരണമാകുന്നു. സ്ഥിതി കൂടുതൽ വഷളായാൽ രോഗികളെ വെന്‍റിലേറ്ററിലേക്ക് മാറ്റേണ്ടിവരും. മഹാമാരിയുടെ ആദ്യ തരംഗത്തിൽ വെന്‍റിലേറ്ററുകളുടെ ആവശ്യവും വർദ്ധിച്ചു.
രോഗികളുടെ എണ്ണം
രോഗികളുടെ പ്രതിദിന വർധന ആശുപത്രികളിലെ രോഗികളുടെ തിരക്കിന് കാരണമായി. ആശുപത്രികളിൽ കിടക്കകളുടെയും ഓക്സിജന്‍റെയും അഭാവം കണക്കിലെടുത്ത് പല രോഗികളെയും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നില്ല. ഡൽഹി, മുംബൈ, ഭോപ്പാൽ, റായ്പൂർ എന്നിവയാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈ നഗരങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും ആശുപത്രികളിലെ സൗകര്യങ്ങൾ പരിമിതമാണ്.
പുതിയ കിടക്കകളുടെ ആവശ്യകത
രാജ്യത്തുടനീളം ഓരോ 24 മണിക്കൂറിലും ശരാശരി മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനാൽ ആശുപത്രികളിൽ സമ്മർദവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതിയ വഴികളും സാഹചര്യത്തെ സുഗമമായി കൈകാര്യം ചെയ്യാനുള്ള വഴികളും കണ്ടത്തേണ്ടതുണ്ട്. കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ പുതിയ കിടക്കകൾ സ്ഥാപിക്കാന്‍ ഡൽഹി സർക്കാർ തീരുമാനിച്ചു. അതുപോലെ അസമിലും ഒരു സ്റ്റേഡിയം കൊവിഡ് ചികിത്സ കേന്ദ്രമായി മാറ്റി. ആദ്യ തരംഗത്തിൽ പല സംസ്ഥാന സർക്കാരുകളും ഹോട്ടലുകൾ, സ്റ്റേഡിയങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ കൊവിഡ് കേന്ദ്രങ്ങളാക്കിയിരുന്നു . പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം ആരോഗ്യ സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കുന്നുണ്ട് എന്നാൽ പുതിയ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ എല്ലാ ശ്രമങ്ങളും വിഫലമാവുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മാസ്കുകൾ,സാമൂഹിക അകലം പാലിക്കുന്നത്,സാനിറ്റൈസർ എന്നിവ കർശനമാക്കണമെന്നാണ് വിദഗ്‌ദ അഭിപ്രായം