കലബുറഗി (കര്‍ണാടക): അനധികൃത മണല്‍ കടത്ത് തടയുന്നതിന്‍റെ ഭാഗമായി വാഹനം പരിശോധിക്കാനെത്തിയ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ട്രാക്‌ടര്‍ ഇടിച്ച് മരിച്ചു. കലബുറഗി ജില്ലയിലെ ജെവർഗി താലൂക്കിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. പൊലീസുകാരന്‍റെ മരണം കൊലപാതകമാണ് എന്ന തരത്തിലും സംശയം ഉയരുന്നുണ്ട്.
നെലോഗി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മയൂർ ചൗഹാൻ (51) ആണ് മരിച്ചത്. ഭീമ നദിയിലെ അനധികൃത മണൽ കടത്ത് തടയാൻ ഹുള്ളൂരിന് സമീപം സ്ഥാപിച്ച ചെക്ക് പോസ്റ്റില്‍ രാത്രി വാഹനം പരിശോധിക്കുന്നതിനിടെ ട്രാക്‌ടർ ഇടിക്കുകയായിരുന്നു. സംഭവം പുറത്തുവന്ന ഉടനെ എസ്‌പി ഇഷ പന്ത് പ്രദേശം സന്ദര്‍ശിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പൊലീസുകാരന്‍റെ മരണം അപകടമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരൂ എന്ന് എസ്‌പി പ്രതികരിച്ചു.
അതേസമയം, ഹുള്ളൂർ ചെക്ക് പോസ്റ്റിന് സമീപം അനധികൃത മണൽ കടത്തുന്നതിനിടെ ട്രാക്‌ടർ ഇടിച്ച് ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോൺസ്റ്റബിൾ മരിച്ച സംഭവം ഏറെ വേദനാജനകമാണെന്ന് ഗ്രാമവികസന മന്ത്രിയും കലബുറഗി ജില്ലയുടെ ചുമതലയുമുള്ള പ്രിയങ്ക് ഖാർഗെ പറഞ്ഞു. 'ജെവർഗി താലൂക്കിലെ നെലോഗി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മയൂര്‍ ചൗഹാൻ മരിച്ചു. സംഭവത്തിൽ ജില്ല കലക്‌ടറെയും ജില്ല പൊലീസ് സൂപ്രണ്ടിനെയും വിളിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്' -പ്രിയങ്ക് ഖാർഗെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊലീസുകാരന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ജില്ലയിലെ അനധികൃത മണല്‍ കടത്ത് തടയുന്നതിന് ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ റവന്യൂ, പൊലീസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മണല്‍ കടത്ത് ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും പ്രിയങ്ക് ഖാര്‍ഗെ അറിയിച്ചു.
അസമിലെ ലേഡി സിങ്കം അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത: അസമിലെ ലേഡി സിങ്കം ജുന്‍മോനി രാഭ വാഹനപകടത്തില്‍ കൊല്ലപ്പെട്ട സംഭവം നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് നാഗോണ്‍ ജില്ലയിലെ സബ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചത്. ജുന്‍മോനി സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സ്വര്‍ണ കടത്ത് പിടികൂടിയതിന് പിന്നാലെ ഉണ്ടായ മരണം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രംഗത്തു വന്നിരുന്നു. ജുന്‍മോനിയുടെ മരണത്തിന് ഇടയാക്കിയ സംഭവം സാധാരണ അപകടമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നും അമ്മ ആരോപിച്ചു. പിന്നാലെ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഡിജിപി ജിപി സിങ് ഉത്തരവിട്ടു.
ജുന്‍മോനിയുടെ മരണത്തില്‍ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ന്യായമായ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ആയിരുന്നു അന്വേഷണം അസമിലെ സിഐഡിയ്‌ക്ക് കൈമാറാന്‍ തീരുമാനിച്ചത് എന്ന് ഡിജിപി ജിപി സിങ് ട്വീറ്റ് ചെയ്‌തു. അപകടം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ജുന്‍മോനി രാഭ വ്യാജ സ്വര്‍ണ റാക്കറ്റിന്‍റെ സൂത്രധാരനെന്ന് പറയപ്പെടുന്ന അസ്‌ഗര്‍ അലി എന്നയാളെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അസ്‌ഗറിനെ മോചിപ്പിക്കാന്‍ ജുന്‍മോനി വലിയ തുക ആവശ്യപ്പെട്ടു എന്ന് കാണിച്ച് ഇയാളുടെ അമ്മ ആമിന ഖാത്തൂണ്‍ ജുന്‍മോനിയ്‌ക്കെതിരെ പരാതി നല്‍കുകയുണ്ടായി.
ആമിന ഖാത്തൂണിന്‍റെ പരാതിയില്‍ ലഖിംപൂര്‍ പൊലീസും നാഗോണ്‍ പൊലീസും ജുന്‍മോനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ ജുന്‍മോനി അപകടത്തില്‍ കൊല്ലപ്പെട്ടത്.