രാമനഗര (കര്‍ണാടക) : വിജയനഗര സാമ്രാജ്യത്തിന്‍റെ തലവനായ കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ നിന്ന് മുന്‍ പ്രധാനമന്ത്രിയായ എച്ച്ഡി ദേവഗൗഡയെ ഒഴിവാക്കിയെന്ന ആരോപണം കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. ചടങ്ങിന്‍റെ തലേദിവസം വൈകിയാണ് ദേവഗൗഡയെ കര്‍ണാടക മുഖ്യമന്ത്രി ബന്ധപ്പെട്ടതെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
ചടങ്ങിന്‍റെ തലേദിവസം രാത്രി 9.30നാണ് മുഖ്യമന്ത്രി ദേവഗൗഡയെ ഫോണില്‍ ബന്ധപ്പെട്ടത്. രാത്രി ഏറെ വൈകി ഒരാളുടെ വശം കത്ത് കൊടുത്തയച്ചു. കത്തിന്‍റെ ആരംഭത്തില്‍ 'ബഹുമാന്യന്‍' എന്ന് മാത്രമായിരുന്നു എഴുതിയതെന്നും ദേവഗൗഡയുടെ പേര് കത്തിന്‍റെ അവസാനമാണ് ഉണ്ടായിരുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയെ തങ്ങള്‍ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് ബിജെപി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഒരുമിച്ച് നില്‍ക്കാം ഒരുമിച്ച് വികസിക്കാം എന്നാണ് പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ പറയാറുള്ളത്. ബിജെപിക്ക് സംസ്‌കാരമില്ലേയെന്ന് കുമാരസ്വാമി ചോദിച്ചു. കന്നഡിഗരുടെ സ്വത്വത്തെ ബഹുമാനിക്കുന്നു എന്ന് പറയുമ്പോഴും അവരെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.
നിത്യേനയുള്ള കാര്യങ്ങളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കയ്യും കെട്ടി അടിമകളെ പോലെ മോദിയുടെ പുറകില്‍ നില്‍ക്കുകയാണ്. ഈ നേതാക്കള്‍ കര്‍ണാടകയുടെ സ്വത്വത്തെ സംരക്ഷിക്കുമെന്നതിന് എന്താണ് ഉറപ്പെന്നും കുമാരസ്വാമി ചോദിച്ചു.