ബെംഗളൂരു: എന്‍ഡിഎയിലോ (NDA) പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ (INDIA) മുന്നണിയിലോ തങ്ങളുടെ പാര്‍ട്ടി ചേരില്ലെന്ന് ജെഡിഎസ് ( Janata Dal Secular - JDS) നേതാവ് എച്ച് ഡി ദേവഗൗഡ (HD Deve Gowda). രാഷ്‌ട്രീയത്തില്‍ സ്വതന്ത്രമായി പോരാടാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ജെഡിഎസ് (JDS) എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ദേവഗൗഡയുടെ പ്രതികരണം.
'ഞങ്ങളുടേത് ഒരു പ്രാദേശിക പാര്‍ട്ടിയാണ്. ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ പാര്‍ട്ടിയിലെ എംഎല്‍എമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഭാവിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് യോഗത്തില്‍ ചര്‍ച്ചയായത്'- എച്ച് ഡി ദേവഗൗഡ പറഞ്ഞു.
അതേസമയം, ജെഡിഎസ് ബിജെപി (BJP) പക്ഷത്തേക്ക് ചായാന്‍ തയ്യാറെടുക്കുന്നുവെന്ന സൂചന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി (HD Kumaraswamy) നേരത്തെ നല്‍കിയിരുന്നു. ജെഡിഎസും ബിജെപിയും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാല്‍, ഇതിനെ പൂര്‍ണമായും തള്ളിക്കളയുന്ന പ്രതികരണമാണ് ഇപ്പോള്‍ ദേവഗൗഡയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
Also Read : BJP-JDS Alliance | ബിജെപി പക്ഷത്തേക്ക് ചായാന്‍ ജെഡിഎസ് ; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി
എംഎല്‍എമാരുമായി നടത്തിയ യോഗത്തില്‍ തന്‍റെ രാഷ്‌ട്രിയ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചിരുന്നെന്നും ജെഡിഎസ് മുതിര്‍ന്ന നേതാവ് ദേവഗൗഡ വ്യക്തമാക്കി. 'എനിക്ക് ദേശീയ രാഷ്‌ട്രീയത്തെ നല്ലതുപോലെ അറിയാം. ജെഡിഎസിനെ രക്ഷിക്കേണ്ടത് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്.
രാഷ്‌ട്രീയ ലാഭം ലക്ഷ്യം വച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഞാന്‍ പോരാടിയിട്ടുണ്ട്. ഞങ്ങളുടെ എംഎല്‍എമാരുമായി ഞാന്‍ എന്‍റെ അനുഭവ പരിചയം പങ്കുവച്ചിട്ടുണ്ട്.
എച്ച് ഡി കുമാരസ്വാമി ജനതാദൾ (സെക്കുലർ) നേതാവാണ്. അദ്ദേഹം പാർട്ടിയുടെ ഉത്തരവാദിത്തത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. എന്‍റെ അനുഭവം ഞാൻ കുമാരസ്വാമിയോടും പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിനും വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. എന്‍ഡിഎയും ഇന്ത്യ മുന്നണിയും രണ്ട് വശങ്ങളിലാണുള്ളത്. അവര്‍ക്കെതിരെ സ്വതന്ത്രമായി പോരാടാനും ഞങ്ങള്‍ ഒരുക്കമാണ്' - എച്ച് ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം : ജെഡിഎസ് നേതാക്കളായ ദേവഗൗഡയും കുമാരസ്വാമിയും ബിജെപിക്കൊപ്പം പോകുമെന്ന് കരുതുന്നില്ലെന്ന് നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി (K Krishnankutty) അഭിപ്രായപ്പെട്ടിരുന്നു. ജെഡിഎസ് കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.
ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബിജെപിയെ തങ്ങളുടെ പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയ്‌ക്ക് എതിരായ ഒരു നീക്കമാണ് നടത്തുന്നത്. അതില്‍ യോജിക്കുന്നവരുടെ കൂട്ടായ്‌മയാണ് ആഗ്രഹമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
More Read : BJP JD(S) Tie Up | 'ബിജെപിക്കൊപ്പം സഖ്യത്തിനില്ല, കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിയില്‍ തുടരും': മന്ത്രി കെ കൃഷ്‌ണന്‍കുട്ടി