ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയെ രക്ഷിക്കുന്നതിന്, മരിച്ചയാളുടെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചർച്ച നടത്താൻ കേന്ദ്രസർക്കാരിന്‍റെ മേൽ സമ്മർദം ചെലുത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആക്‌ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി അധ്യക്ഷനായ ബഞ്ചിന്‍റേതാണ് തീരുമാനം.
ശിക്ഷയ്‌ക്കെതിരെ നിയമപരമായ പരിഹാരങ്ങൾ തേടണമെന്നും നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ട് 'സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ' നൽകിയ അപ്പീൽ കോടതി തള്ളി. ആദ്യം ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തട്ടേയെന്ന് നിർദേശിച്ചാണ് ജസ്‌റ്റിസ് നവീൻ ചൗള ഉൾപ്പെട്ട ബഞ്ച് ഹർജി തള്ളിയത്.
നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്നും ദയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിയില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു. യെമനിൽ മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കുക എന്നതാണ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗം.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താൻ സർക്കാരിന് നിർദേശം നൽകാനാവില്ലെന്ന് നേരത്തേ അറിയിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ശരിവയ്‌ക്കുന്നതാണ് പുതിയ ഉത്തരവ്. കഴിഞ്ഞ മാസം പുറപ്പെടുവിച്ച സിംഗിൾ ബഞ്ച് ഉത്തരവിൽ, ഒരു എംബസിയും ചർച്ചകളുടെ ഭാഗമാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
2017 ജൂലൈ 25ന് യെമന്‍ പൗരന്‍ തലാല്‍ അബ്‌ദുമഹ്‌ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.