മുംബൈ : വൃദ്ധരായ മാതാപിതാക്കളുടെ ഫ്ലാറ്റിൽ താമസിക്കുകയും അവരെ ഉപദ്രവിച്ച് ഫ്ലാറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്‌ത മകനോടും മരുമകളോടും ഒരു മാസത്തിനകം ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 90 വയസുള്ള പിതാവിനെയും 89 വയസുള്ള മാതാവിനെയും ഏക മകനായ ആഷിഷ് ദലാലും ഭാര്യയും കഷ്‌ടപ്പെടുത്തുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഉത്തരവ്.
ദമ്പതികളെ അവരുടെ മകൻ ഉപദ്രവിക്കുന്നതായി സീനിയർ സിറ്റിസൺസ് ട്രിബ്യൂണൽ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ആഷിഷ് ദലാൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ദലാൽ തന്‍റെ മാതാപിതാക്കളെ അവരുടെ വാർദ്ധക്യകാലത്തിൽ സാധാരണ ജീവിതം നയിക്കുന്നതിൽ നിന്ന് മനഃപൂർവ്വം തടയുകയാണെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
നവി മുംബൈയിലും, ദഹിസറിലും ദലാലിന് സ്വന്തമായി മൂന്ന് വസതികൾ ഉണ്ടെന്നും ഇത് കൂടാതെയാണ് നഗരത്തിലെ തന്‍റെ മാതാപിതാക്കളുടെ ഫ്ലാറ്റിൽ അയാൾ താമസിച്ചിരുന്നതെന്നും കോടതി കണ്ടെത്തി. തുടർന്ന് ദലാലിന്‍റെ ഹർജി തള്ളിയ കോടതി 30 ദിവസത്തിനുള്ളിൽ ഫ്ലാറ്റ് ഒഴിയാൻ നിർദ്ദേശിക്കുകയായിരുന്നു.
കൂടാതെ മക്കളുടെ പീഡനങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് രക്ഷിതാക്കൾ ഒരു മടിയും കൂടാതെ കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ALSO READ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ വസതിയില്‍ ഇന്‍കം ടാക്‌സിന്‍റെ റെയ്‌ഡ്