ന്യൂഡല്‍ഹി : ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍റെ (ഡിഡിസിഎ) പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് ബോഡിക്കും കേന്ദ്ര സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് രേഖ പള്ളിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദാണ് കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഡിഡിസിഎ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം. സുതാര്യവും നീതിയുക്തവുമായ അംഗത്വ സംവിധാനം നടപ്പാക്കാൻ നിർദേശം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയിലെ ആവശ്യം.
നിലവിൽ, അംഗത്വം നൽകുന്നതിന് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുമില്ല. തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രം അംഗത്വം നൽകുന്നതിലൂടെ ഒരു നിക്ഷിപ്ത താൽപ്പര്യം സൃഷ്ടിക്കപ്പെടുന്നു, അതുവഴി ഒരു കുടുംബ കുത്തകയാണ് ഡിഡിസിഎയില്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
ഡിഡിസിഎ അഭിഭാഷകന്‍ ഹര്‍ജിക്കാരന്‍റെ ആവശ്യത്തെ എതിര്‍ത്തു. ആസാദിന് പരാതിയുണ്ടെങ്കില്‍ എന്‍സിഎല്‍ടിയെ സമീപിക്കാമെന്നും അവര്‍ കോടതിയെ അറിയിച്ചു. അതേസമയം പുതിയ അംഗത്വം നൽകുന്നതിൽ നിന്ന് ഡിഡിസിഎയെ തടയാന്‍ കോടതി തയ്യാറായില്ല.