ഹത്രാസ്(യുപി): 2020ല്‍ യുപിയിലെ ഹത്രാസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി സന്ദീപ് സിങ്ങിനെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മറ്റ് മൂന്ന് പേരെ കുറ്റവിമുക്തരാക്കുകയും ചെയ്‌ത് യുപിയിലെ പ്രത്യേക കോടതി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304-ാം വകുപ്പ്, എസ്‌സി/എസ്‌ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് സന്ദീപ് സിങ്ങിനെ കോടതി ശിക്ഷിച്ചത്. സന്ദീപ് സിങ്ങിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.
രവി, രാമു, ലവ് കുശ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ കീഴ്‌ക്കോടതിയുടെ വിധിയില്‍ തങ്ങള്‍ സന്തുഷ്‌ടരല്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ മഹിപാല്‍ സിങ് പറഞ്ഞു.
2020 സെപ്റ്റംബര്‍ 14ന് 19 വയസുള്ള ദലിത് കൗമാരക്കാരിയെ ഹത്രാസില്‍ മേല്‍ജാതിയില്‍പ്പെട്ട നാല് പുരുഷന്‍മാര്‍ പീഡിപ്പിച്ചു എന്നാണ് ആരോപണം. ഡല്‍ഹി സഫ്‌തര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. രാത്രിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നത്.
പൊലീസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തങ്ങള്‍ മൃതദേഹം ദഹിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. പീഡനാരോപണത്തില്‍ സിബിഐ അന്വേഷണം നടത്താനും തീരുമാനിക്കുകയായിരുന്നു. ഒക്‌ടോബര്‍ 11നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഡിസംബര്‍ 18, 2020ന് സന്ദീപ്, ലവ് കുശ്, രവി, രാമ് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.