ഹത്രാസ് : പ്രശസ്‌ത ഐടി കമ്പനിയായ ലിങ്ക്ഡ്ഇനിൽ (linkdin) നിന്ന് 60 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് സ്വീകരിച്ച് മുസ്‌കാൻ അഗർവാൾ (Muskan Agarwal) രാജ്യത്തെ മികച്ച വനിത കോഡര്‍ ആയി. ഹത്രാസിലെ സെന്‍റ് ഫ്രാന്‍സിസ് സ്‌കൂളില്‍ നിന്ന് പ്രശസ്‌തമായ നിലയില്‍ പത്താംക്ലാസ് പാസായ മുസ്‌കാൻ അഗര്‍വാള്‍ ഉനയിലെ ഐഐഐടിയില്‍ (IIIT) നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് ബിരുദം സ്വന്തമാക്കി. ബിരുദാനന്തര ബിരുദം നേടിയ ശേഷം ലിങ്ക്ഡ‌്ഇനില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്‍റ് എന്‍ജിനീയറായി ഇന്‍റേണ്‍ഷിപ്പ് ചെയ്‌ത് കൊണ്ടാണ് സാങ്കേതിക വ്യവസായ രംഗത്തെ തന്‍റെ വിജയഗാഥകള്‍ക്ക് അടിത്തറയിട്ടത്.
കോളജ് വിദ്യാഭ്യാസ കാലത്തെ ലോക്ണ്‍ ഡൗണ്‍ വെല്ലുവിളികള്‍ നേരിട്ടാണ് മുസ്‌കാൻ അഗര്‍വാള്‍ ലിങ്ക്ഡ്‌ഇനില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചത്. ലിങ്ക്ഡ്‌ഇനില്‍ ഇത്രയും ഉയര്‍ന്ന വേതനം നേടുന്ന ആദ്യ വനിത എന്ന പ്രത്യേകതയും മുസ്‌കാനുണ്ട്. ടെക് ഗിഗ് ഗീക്ക് ഗോഡസ് 2022 എന്ന പുരസ്‌കാരവും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു.
69000 വരുന്ന ലിങ്ക്ഡ്‌ഇനിലെ വനിത ജീവനക്കാരിലെ ഏറ്റവും മികച്ച ജീവനക്കാരിയായ മുസ്‌കാൻ പുരസ്‌കാര തുകയായ ഒന്നരലക്ഷം രൂപ നേടുക മാത്രമായിരുന്നില്ല മറിച്ച് ലോകത്തെ ടെക്ഭീമനായ ലിങ്ക്ഡ്‌ഇനിന്‍റെ ഉന്നതരുടെ ശ്രദ്ധയിലേക്ക് നടന്ന് കയറുക കൂടിയായിരുന്നു. ഗേള്‍സ് സ്ക്രിപ്റ്റ് ഫൗണ്ടേഷനിലെ പുതിയ പ്രോജക്‌ടുകളിലെ മുസ്‌കാന്‍റെ സാന്നിധ്യം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവരുടെ ആത്മാര്‍ഥത വെളിവാക്കുന്നു. ഇതാണ് ലിങ്ക്ഡ്‌ഇനിന്‍റെ തെരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത് വനിതകളുടെ പരിശീലന പരിപാടിയിലേക്ക് മുസ്‌കാനെ എത്തിച്ചത്.
അവിടെ മികച്ച പ്രൊഫഷണലുകളുടെ കീഴില്‍ പരിശീലനം നേടാന്‍ അവര്‍ക്ക് സാധിച്ചു. ഒടുവില്‍ മുസ്‌കാന്‍റെ ജൈത്രയാത്ര നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ട് വാര്‍ഷിക വേതനമായ അറുപത് ലക്ഷം എന്ന ലിങ്ക്ഡ്‌ഇനിന്‍റെ സ്വപ്‌നതുല്യ ജോലിയില്‍ എത്തിനില്‍ക്കുന്നു. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്‍റ് എന്‍ജിനീയര്‍ പദവിയിലാണ് നിയമനം. മുസ്‌കാന്‍റെ ഈ സ്വപ്‌നതുല്യമായ വേതനം മറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തല്‍.
ഉനയിലെ ഐഐഐടിയില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ വിജയഗാഥകളില്‍ ഒന്നാണ് മുസ്‌കന്‍റെ വിജയവും. 2019-23 ബാച്ചില്‍ ഒപ്പം പഠിച്ചിറങ്ങിയ 86ശതമാനം പേരും 31 വിവിധ കമ്പനികളിലായി മികച്ച തൊഴില്‍ നേടി. കഴിഞ്ഞ വര്‍ഷം ഐഐഐടി ഉനയിലെ മറ്റൊരു വിദ്യാര്‍ഥി 47 ലക്ഷം രൂപയുടെ വാര്‍ഷിക വേതനമുള്ള ജോലിയില്‍ പ്രവേശിച്ചിരുന്നു. ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതില്‍ സ്ഥാപനം പുലര്‍ത്തുന്ന മികവിന്‍റെ തെളിവാണ് ഇത്തരത്തില്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഉന്നത പദവികള്‍ എന്ന് വിലയിരുത്തപ്പെടുന്നു.