ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കഴുത്തിലണിയിച്ചത് 11 ലക്ഷത്തിന്‍റെ നോട്ടുമാല. 500 രൂപ നോട്ടുകൾ ചേര്‍ത്താണ് മാല നിര്‍മിച്ചത്. 'ഉപഹാരത്തിന്‍റെ' നീളം കൂടിയതിനാൽ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നാണ് നിയുക്ത പ്രസിഡന്‍റ് ആസ് മുഹമ്മദ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്.
വെള്ളിയാഴ്‌ച വൈകിട്ട് ആസിനെ ഗ്രാമപഞ്ചായത്ത് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് ശേഷമാണ് ആഘോഷം നടന്നത്. പ്രദേശവാസിയായ യുവാവ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ വൈറലാവുകയായിരുന്നു. ഗ്രാമവാസികളുടെ സ്‌നേഹം കൊണ്ടാണ് താൻ വിജയിച്ചതെന്നും ഗ്രാമത്തെ ആദർശമുള്ള ഇടമാക്കി മാറ്റാൻ താന്‍ പരമാവധി ശ്രമിക്കുമെന്നും നിയുക്ത പ്രസിഡന്‍റ് അറിയിച്ചു.