ചണ്ഡിഗഡ് : കൊവിഡ് അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്ക് നികുതി ഇളവ് നൽകിയതിന് കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇത് ആശ്വാസകരമാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ നടന്ന ചരക്ക് സേവന നികുതി (ജിഎസ്‌ടി) കൗൺസിൽ യോഗം ഹരിയാനയുടെ ആവശ്യങ്ങൾ അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more: കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്‌ച നടന്ന യോഗത്തിൽ ആംബുലൻസുകൾക്ക് ഏർപ്പെടുത്തിയിരുന്ന 28 ശതമാനം നികുതി 12 ശതമാനമായി കുറച്ചിരുന്നു. കൂടാതെ തെർമോമീറ്ററുകളുടെ നികുതിയിൽ അഞ്ച് ശതമാനം ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്ക് ജിഎസ്‌ടി ഇളവുകൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ ധനമന്ത്രിമാരുൾപ്പെട്ട ആറംഗ സമിതിയുടെ എല്ലാ നിർദേശങ്ങളും ജിഎസ്‌ടി കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്നും ചൗട്ടാല പറഞ്ഞു.
അതേയമയം ഹരിയാനയിൽ 539 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,221 പേര്‍ക്കാണ് രോഗമുക്തി. 32 ജീവഹാനിയും സംഭവിച്ചു. സംസ്ഥാനത്തെ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് നിലവിൽ 6,365 സജീവ കൊവിഡ് കേസുകളാണുള്ളത്.