ഛണ്ഡിഗഡ്: ഇന്ധന വില വർധനവിനെ പിൻതുണച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വില സർവകാല റെക്കോർഡിൽ എത്തി നിൽക്കുമ്പോളാണ് ഖട്ടാറിന്‍റെ പ്രതികരണം. കഴിഞ്ഞ 4 മുതൽ 5 വർഷത്തിനുള്ളിൽ ഇന്ധന വില 10 മുതൽ 15 ശതമാനം വരെ ഉയർന്നിട്ടുണ്ടെങ്കിലും മൊത്തത്തിൽ ഇത് വളരെയധികം അല്ലെന്നും സർക്കാർ ഇതിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നുമാണ് ഖട്ടാർ പറഞ്ഞത്. ഇന്ധന വിലയിലൂടെ സർക്കാരിന് ലഭിക്കുന്ന ലാഭം അധികം വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. സർക്കാർ എന്ത് വരുമാനം സ്വരൂപിച്ചാലും അത് രാജ്യത്തെ ആളുകൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനം ഉൽപ്പാദിപ്പിക്കുന്ന വിദേശ രാജ്യങ്ങൾ കൂടുതൽ ലാഭത്തിനായി കുറഞ്ഞ അളവിൽ ഇന്ധനം ഉൽപാദിപ്പിക്കുന്നതാണ് വില വർധനവിന്‍റെ പ്രധാന കാരണം എന്ന വിശദീകരണവുമായി നേരത്തെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രഥാന്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ചില്ലറ വിൽപ്പന നിരക്ക് ന്യായമായ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനം കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഒരുമിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില 10 ദിവസത്തിലേറെയായി രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയും കടന്നിട്ടുണ്ട്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി പ്രതിഷേധവും നടത്തി വരികയാണ്.