കര്‍ണാല്‍ (ഹരിയാന) : മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബിജെപി എടുക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ അല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. ഹരിയാനയിലെ മുഖ്യമന്ത്രിയെ മാറ്റുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് മനോഹര്‍ ലാല്‍ ഘട്ടറിന്‍റെ പ്രതികരണം. കര്‍ണാലില്‍ നടന്ന പരശുരാം മഹാകുംഭ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചിലര്‍ക്ക് ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ മാറ്റുക എന്നത് ഒരു ഹോബിയായിരിക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി പോവുകയാണെന്നും പുതിയ മുഖ്യമന്ത്രി നാളെ എത്തുമെന്നും അവര്‍ പറയുന്നു. പുതിയ മുഖ്യമന്ത്രി വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ.
ബിജെപിയുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരായിരുന്നാലും അദ്ദേഹം ജനങ്ങളുടെ താത്‌പര്യത്തിന് അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. അത് ഞങ്ങളുടെ പ്രത്യയശാസ്‌ത്രത്തിന്‍റെ ഭാഗമാണ്. ഞങ്ങളുടെ വിജയത്തിന്‍റെയും പ്രകടന പത്രികയുടെയും ഭാഗമാണ്' - അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കനുസരിച്ച് ഒന്നും മാറുന്നില്ല. ഞങ്ങൾ ടീമായി പ്രവർത്തിക്കുകയും കൂട്ടായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യും,ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ തീരുമാനങ്ങൾ എടുക്കുന്നില്ല. എന്നിരുന്നാലും, അത്തരം കാര്യങ്ങൾ ആസ്വദിക്കുന്ന ചില ആളുകളുണ്ട്. അതിനാൽ അവർ അത് ചെയ്യട്ടെ. അത് ചെയ്‌തുമടുക്കുമ്പോൾ അവര്‍ എന്‍റെ അടുത്ത് വരണം. ഞാൻ മറ്റെന്തെങ്കിലും ചെയ്യാൻ തരാം' - അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷമായി ഹരിയാന മുഖ്യമന്ത്രിയാണ് മനോഹര്‍ ലാല്‍ ഘട്ടര്‍. പരശുരാമ ജയന്തിയോടനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപനവും കൈതാൽ മെഡിക്കൽ കോളജിന് ആ പേര് നൽകലും കര്‍ണാലില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. പൂജാരി, പുരോഹിതര്‍ എന്നിവര്‍ക്ക് നിശ്ചിത അടിസ്ഥാന വേതനം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് വെൽഫെയർ ബോർഡ് രൂപീകരിക്കും. പരശുരാമന്‍റെ പേരിൽ തപാൽ സ്റ്റാമ്പും പുറത്തിറക്കും. ഇതിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തെഴുതുമെന്നും ഖട്ടർ കൂട്ടിച്ചേര്‍ത്തു.