നാഗ്‌പൂർ (മഹാരാഷ്‌ട്ര): ഇതൊന്നും പെൺകുട്ടികൾക്ക് പറ്റിയ പണി അല്ല എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്ത സ്‌ത്രീകൾ കുറവായിരിക്കും. എന്നാൽ ഇത്തരം ചോദ്യങ്ങളെ വകവയ്ക്കാതെ സ്വപ്‌നങ്ങളെ കൈയെത്തി പിടിച്ച സ്‌ത്രീയാണ് ഹർഷിണി കൻഹേക്കർ. ഇന്ത്യയിലെ ആദ്യ വനിത ഫയർ ഫൈറ്റർ.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ സ്വദേശിയാണ് ഹർഷിണി കൻഹേക്കർ. സ്‌കൂൾ പഠന കാലത്ത് കായിക രംഗത്ത് സജീവമായിരുന്ന കുഞ്ഞ് ഹർഷിണിക്ക് പട്ടാളത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനുമായിരുന്നു ആഗ്രഹം. എന്നാൽ ഷിർദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴാണ് അഗ്നിശമന സേനാംഗമായി ജോലി ചെയ്യണമെന്ന ആഗ്രഹം മനസിൽ ഉടലെടുത്തത്.
ഡിഗ്രി പഠനത്തിന് ശേഷം നാഷണൽ ഫയർ സർവീസ് കോളജിൽ ചേർന്നു. എന്നാൽ ഇത് ആൺകുട്ടികളുടെ ജോലിയല്ലേ... ഇത് നിന്നെക്കൊണ്ട് പറ്റുമോ എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കിയെങ്കിലും തളരാതെ തീ പോലെ ജ്വലിച്ച് ഹർഷിണി ഉയരങ്ങളിലെത്തി. തീപിടിത്തം, വെള്ളപ്പൊക്കം, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ രക്ഷകയായി ഹർഷിണിയുമുണ്ട്.
ഒഎൻജിസിയിലെ സീനിയർ ഫയർ ഓഫിസറായ ഹർഷിണി മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ എല്ലാ തീപിടിത്തങ്ങളിലും ജീവൻ പണയപ്പെടുത്തി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഹർഷിണിയുടെ ധീരമായ സേവനത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
'ലിംഗ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണോ ഏത് ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ഇഷ്‌ടമുള്ള ജോലി ചെയ്യാൻ ആണെന്നോ പെണ്ണെന്നോ വേർതിരിവിന്‍റെ ആവശ്യമില്ല. നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതം മാത്രമാണുള്ളത്. രാജ്യത്തെ നിരവധി സ്‌ത്രീകൾക്ക് ഞാൻ പ്രചോദനമായതിൽ ഇപ്പോൾ എന്‍റെ മാതാപിതാക്കൾ അഭിമാനിക്കുകയാണ് 'എന്നാണ് ഹർഷിണി പറയുന്നത്.