ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി ഹർഷ്വർധന്‍റെ രാജി മറ്റുമന്ത്രിമാർക്കുള്ള സന്ദേശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ തീർത്തും പരാജയപ്പെട്ടു. അതിന്‍റെ കുറ്റസമ്മതമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ രാജിയെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
രാജിവച്ചത് ഹർഷ്വർധനടക്കം 13 മന്ത്രിമാർ
ഈ രാജിയിൽ മന്ത്രിമാർക്ക് ഒരു പാഠമുണ്ട്. കാര്യങ്ങൾ ശരിയായി നടന്നെങ്കില്‍ ക്രെഡിറ്റ് പ്രധാനമന്ത്രിയ്‌ക്ക്. മറിച്ചാണെങ്കില്‍ മന്ത്രിമാരുടെ പദവി തെറിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്‌ക്ക് മുന്നോടിയായാണ് ഹർഷ്വർധനടക്കം 13 മന്ത്രിമാര്‍ പദവിയൊഴിഞ്ഞത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ എന്നിവരാണ് ഏറ്റവും ആദ്യം മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങിയത്.
ALSO READ: പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം
ഇരുവരും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി നൽകിയത്. പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, രവി ശങ്കർ പ്രസാദ്, ബാബുൽ സുപ്രിയോ ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ, റാവു സാഹെബ് ധൻവേ പട്ടീൽ, സദാനന്ദ ഗൗഡ, അശ്വിനി ചൗബെ, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും രാജിവച്ചു.
43 ൽ ഏഴുപേരും ഉത്തർപ്രദേശിൽ നിന്ന്
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്. കേന്ദ്ര മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി 43 പേരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് ഇതില്‍ ഏഴുപേര്‍. വിദേശകാര്യ മന്ത്രാലയത്തിൽ ഒരു സഹമന്ത്രിയേക്കൂടി നിയമിക്കാനും തീരുമാനമായി.
പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പുനഃസംഘട
കൊവിഡ് കൈകാര്യം ചെയ്യുന്നതിലടക്കം അതൃപ്‌തികൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടന. യു.പിയിലെ തെരഞ്ഞെടുപ്പും 2024ലെ പൊതു തെരഞ്ഞെടുപ്പുമടക്കം ലക്ഷ്യം വച്ചാണ് അഴിച്ചുപണിയെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചിരുന്നു.
ALSO READ: 'പുനക്രമീകരണം വേണ്ടത് കാഴ്‌ചപ്പാടിന്'; മന്ത്രിസഭ വിപുലീകരണം അർഥശൂന്യമെന്ന് കോൺഗ്രസ്