ന്യൂഡൽഹി: കൊവാക്‌സിനും കൊവിഷീൽഡിനും ശേഷം അംഗീകാരം ലഭിച്ച റഷ്യൻ നിര്‍മിത കൊവിഡ് വാക്‌സിൻ സ്‌പുട്‌നികിന്‍റെ വിതരണം മെയ് മാസത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്പുട്നികിന് ലഭിച്ചതായി അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിദഗ്‌ധ സമിതി വാക്‌സിന് അനുമതി നൽകിയതിന് പിന്നാലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും അംഗീകാരം നൽകിയിരുന്നു. ഒരു വർഷമായി കൊവിഡിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പരിശോധന, നിരീക്ഷണം, ക്വാറൻ്റൈൻ പ്രതിരോധ കുത്തിവയ്പ് എന്നിവ ഏവരും പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ വാക്‌സിനാണ് സ്‌പുട്‌നിക് വി. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ലോകത്ത് ആദ്യം അംഗീകാരം ലഭിച്ച വാക്‌സിനാണ് സ്‌പുട്‌നിക് വി. ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടന ഉള്‍പ്പടെ സംശയത്തോടൊണ് വീക്ഷിച്ചതെങ്കിലും ഫലം കണ്ടതോടെ മറ്റ് ലോകരാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. 59 രാജ്യങ്ങളില്‍ ഈ വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കൂടുതൽ വായനക്ക്: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ 1.61 ലക്ഷം കവിഞ്ഞു