ഡെറാഡൂൺ: മഹാ കുംഭമേളയുടെ രണ്ടാമത് പുണ്യസ്‌നാനത്തിന് ഒരുങ്ങി ഹരിദ്വാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിങ്കളാഴ്‌ച ചടങ്ങുകള്‍. കുംഭമേള സമയത്ത് പുണ്യസ്‌നാനം ചെയ്യുന്നവർക്ക് പാപമോക്ഷം ലഭിക്കുമന്നാണ് സങ്കല്‍പ്പം. ഒരു ദിവസം ഇടവിട്ടാണ് ഇത്തവണ രണ്ടാമത്തെയും മൂന്നാമത്തെയും പുണ്യസ്‌നാനം നടത്തുകയെന്ന് ഇൻസ്‌പെക്‌ടർ ജനറൽ സഞ്ജയ് ഗുഞ്ച്യാൽ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: കുംഭമേളക്ക് ഒരുങ്ങി ഹരിദ്വാര്‍; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനം
കുംഭമേളയോടനുബന്ധിച്ച് മഹാശിവരാത്രി ദിനമായ മാർച്ച് 11ന് ആദ്യ സ്‌നാനം ആഘോഷിച്ചിരുന്നു. ഏപ്രിൽ 12നും ഏപ്രിൽ 14നുമായി രണ്ടാമത്തെയും മൂന്നാമത്തെയും പുണ്യസ്‌നാനം ആഘോഷിക്കും. കൂടാതെ കുംഭമേളയോടനുബന്ധിച്ചുള്ള ഘോഷയാത്രാസമയത്ത് ദേശീയപാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും ഐ.ജി അറിയിച്ചു. ഘോഷയാത്രയിൽ 13 അഖാഡകൾ പങ്കെടുക്കും. ബ്രഹ്മ കുണ്ടിൽ ഭക്തർക്ക് രാവിലെ 7 മണി വരെ സ്‌നാനം ചെയ്യാൻ അനുവാദമുണ്ടെങ്കിലും അതിന് ശേഷമുള്ള സമയം അഖാഡകൾക്കായി നീക്കിവച്ചിരിക്കുന്നതിനാൽ മറ്റാർക്കും പ്രവേശനം അനുവദിക്കില്ല.
അതേസമയം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ ശനിയാഴ്‌ച 1,233 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 6,241സജീവ കേസുകളുൾപ്പെടെ ആകെ രോഗികളുടെ എണ്ണം 1,07,479 ആയി. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,752 ആണ്. സംസ്ഥാനത്താകെ രോഗം ഭേദമായവരുടെ എണ്ണം 97,644 ആയി.