അഹമ്മദാബാദ് : കോൺഗ്രസിൽ പ്രവര്‍ത്തിച്ച് തന്‍റെ 3 വര്‍ഷം പാഴാക്കിക്കളഞ്ഞുവെന്ന് ഹാര്‍ദിക് പട്ടേല്‍. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാര്‍ദിക്. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അയോധ്യ കേസിൽ ബിജെപിയുടെ നിലപാടുകളെ പുകഴ്ത്തുകയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അഭിനന്ദിക്കുകയും ചെയ്‌തു. അതേസമയം കോൺഗ്രസിന് വീക്ഷണമില്ലെന്നും പാർട്ടിയുടെ നേതാക്കൾ അദാനിയെയും അംബാനിയെയും പോലെ ഗുജറാത്തിലെ ജനതയോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഹാര്‍ദിക് പട്ടേല്‍ നയിച്ച പട്ടീദാർ ക്വോട്ട പ്രക്ഷോഭം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വളരെയധികം നേട്ടമുണ്ടാക്കി. 2020 ജൂലൈയിലാണ് അദ്ദേഹം കോണ്‍ഗ്രസിന്‍റെ വർക്കിംഗ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, തന്നെ വർക്കിംഗ് പ്രസിഡന്‍റാക്കിയിട്ടും ഒരു ചുമതലയും നൽകിയില്ലെന്നും പാർട്ടിയുടെ പ്രധാന യോഗങ്ങളിലേക്ക് പോലും ക്ഷണിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് വർഷമായി തനിക്കുവേണ്ടി ഒരിക്കല്‍ പോലും വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ രണ്ടാം കേഡർ നേതാക്കൾക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. ഉപയോഗിച്ച് ഉപേക്ഷിക്കല്‍ നയമാണ് പാര്‍ട്ടിയുടേത്. 7 വർഷത്തിനിടെ 30 എംഎൽഎമാരും 40 ഓളം മുൻ എംഎൽഎമാരും ഉൾപ്പടെ 122 ഓളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടിരുന്നു.മുന്‍പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പട്ടീദാർ നേതാക്കളായ വിത്തൽ റദാദിയ, നർഹരി അമീൻ എന്നിവരുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, കോൺഗ്രസ് എല്ലായ്‌പ്പോഴും സമുദായത്തിലെ നേതാക്കളോട് അനീതി കാണിക്കുകയും അവർ ശക്തരാകുമ്പോഴെല്ലാം അവരെ മാറ്റിനിർത്തിയെന്നും പട്ടേൽ ആരോപിച്ചു.