അഹമ്മദാബാദ് : തനിക്കെതിരായ രാജ്യദ്രോഹ കേസുകളിൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭയന്നാണ് ഹാർദിക് പട്ടേൽ രാജിവച്ചതെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജഗദീഷ് താക്കോർ. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിൽ പട്ടേൽ സംസാരിച്ചതും രാജിക്കത്തിൽ എഴുതിയതും ഭരണകക്ഷിയായ ബിജെപിയുടെ തിരക്കഥയാണെന്നും ഹാർദിക് പട്ടേൽ ഉടൻതന്നെ ആ പാര്‍ട്ടിയില്‍ ചേരുമെന്നും താക്കോർ പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ വർക്കിങ് പ്രസിഡന്‍റായിട്ടും തന്നില്‍ അർഥവത്തായ കർത്തവ്യങ്ങൾ ഒന്നും ഏൽപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഹാർദിക് പട്ടേൽ നേരത്തെ ആരോപിച്ചിരുന്നു. പാർട്ടിക്ക് കാഴ്‌ചപ്പാടുകളില്ലെന്നും ഗുജറാത്തിൽ ജാതി രാഷ്‌ട്രീയമാണ് പാർട്ടിയെ നയിക്കുന്നതെന്നും പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജഗദീഷ് താക്കോർ പ്രതികരണവുമായെത്തിയത്.
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഹാർദിക് പട്ടേലിനെ 'സ്റ്റാർ കാമ്പെയ്‌നർ' ആക്കിയിരുന്നുവെന്ന് ജഗദീഷ് താക്കോർ പറഞ്ഞു. ഹെലികോപ്‌ടറുകളിലും വിമാനങ്ങളിലും യാത്ര ചെയ്യാനുള്ള സൗകര്യം അദ്ദേഹത്തിന് നൽകിയിരുന്നു. പ്രധാനപ്പെട്ട ദേശീയതല പാർട്ടി യോഗങ്ങളിൽ അദ്ദേഹത്തിന് എപ്പോഴും പ്രാധാന്യം നൽകിയിരുന്നുവെന്നും താക്കോർ വിശദീകരിച്ചു.
Also Read: ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ ? ; രാജിയുടെ കാരണവും ഭാവി പദ്ധതിയും
ഒരു മാസമായി പാർട്ടി നേതൃത്വത്തിനെതിരെ സംസാരിക്കുന്ന രീതിയിൽ നിന്നും അദ്ദേഹത്തിന്‍റെ അടുത്ത നീക്കത്തെക്കുറിച്ച് തങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. അദ്ദേഹത്തിന് ബിജെപിയുമായി ബന്ധമുള്ളതായി അറിയാമായിരുന്നു. എന്നാൽ ജയിലിൽ പോകേണ്ടി വരുമെന്ന ഭയം മൂലം ഇത്ര എളുപ്പം കീഴടങ്ങില്ലെന്ന് തങ്ങൾ കരുതിയില്ലെന്നും അതിനാൽ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചുവെന്നും ജഗദീഷ് താക്കോർ പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു കോൺഗ്രസിൽ നിന്നുള്ള പട്ടേലിന്‍റെ രാജി. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് മൊബൈൽ ഫോണിലും ചിക്കൻ സാൻവിച്ചുകൾ തയാറാക്കുന്നതിലുമാണ് താത്പര്യമെന്ന് പട്ടേൽ ആക്ഷേപമുന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച ഹാർദിക് പട്ടേലിനെ ഒരു വർഷത്തിന് ശേഷം 2020 ജൂലൈയിലാണ് ഗുജറാത്തിന്‍റെ വർക്കിങ് പ്രസിഡന്‍റായി നിയമിക്കുന്നത്.
സംവരണത്തിനായുള്ള പട്ടിദാർ സമുദായത്തിന്‍റെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനെതിരെ, അഹമ്മദാബാദിലും സൂറത്തിലും രജിസ്റ്റർ ചെയ്‌ത രാജ്യദ്രോഹത്തിനുള്ള എഫ്‌ഐആറുകൾ ഉൾപ്പടെ 25ഓളം ക്രിമിനൽ കേസുകൾ ഗുജറാത്തിൽ നിലവിലുണ്ട്.