കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബങ്കുരയിൽ (Bankura) ബിജെപി നേതാവിൻ്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി (Hanging Body Of BJP Leader Recovered In West Bengal). ബങ്കുര ജില്ലയിലെ നിധിരാംപൂർ (Nidhirampur) ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രാദേശിക ബിജെപി നേതാവ് ശുഭദീപ് മിശ്രയെയാണ് (Subhadeep Mishra) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകൾ തുണികൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് മരിച്ച ശുഭദീപ് മിശ്ര. കഴിഞ്ഞ ഏഴ് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് ബുധനാഴ്‌ച രാവിലെയാണ് പ്രദേശത്തെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ശുഭദീപിൻ്റെ കൊലയ്ക്ക് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (Trinamool Congress) പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. നേതാവിന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ഭയന്നാണ് തൃണമൂൽ ഗുണ്ടകൾ മിശ്രയെ കൊലപ്പെടുത്തിയതെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി (Suvendu Adhikari) ആരോപിച്ചു.
സംഭവത്തിൽ ബങ്കുര ജില്ല പൊലീസ് സൂപ്രണ്ട് വൈഭവ് തിവാരിയുടെ പങ്കും സമഗ്രമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൈകൾ കെട്ടിയ ശേഷം ആർക്കും മരത്തിൽ തൂങ്ങിമരിക്കാൻ കഴിയില്ല. കെട്ടിയിട്ട് മരത്തിൽ കെട്ടിത്തൂക്കി. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സംശയിക്കുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ ഗുണ്ടകൾക്ക് ഇതിൽ ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി ശുഭദീപ് മിശ്രയ്ക്ക് ബന്ധമുണ്ടായിരുന്നതായി കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. ശുഭദീപിനെ കൊലപ്പെടുത്തിയത് ഈ സ്ത്രീയുടെ വീട്ടുകാർ ആണെന്നാണ് ആരോപണം. ഏഴുദിവസം മുമ്പ് വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസം തുടങ്ങിയ ശുഭദീപ് ചൊവ്വാഴ്‌ച വീട്ടിൽ തിരിച്ചെത്തിയിരുന്നെന്നാണ് റിപ്പോർട്ട്. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതായും പൊലീസ് വാഹനം ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ബിജെപി കഴുകൻ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. മരിച്ചയാളുടെ കുടുംബം എന്താണ് പറയുന്നതെന്ന് നമുക്ക് കാണേണ്ടതുണ്ട്. കുടുംബാംഗങ്ങൾ മറ്റൊരാളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ മരണത്തിലേക്ക് നയിച്ചത് വ്യക്തിപരമായ പ്രശ്‌നമാണ്. ഒരു മരണം സംഭവിക്കുന്ന നിമിഷം തന്നെ ബിജെപി രംഗത്തുവരുമെന്നും തൃണമൂൽ ആരോപിച്ചു.