ചെന്നൈ: ഹംബന്തോട്ട തുറമുഖം സംബന്ധിച്ച് സംസ്ഥാനത്തെ ചില എൽടിടിഇ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള തീവ്ര തമിഴ് ഗ്രൂപ്പുകളിൽ നിന്ന് നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളിൽ ജാഗ്രത പുലർത്തി തമിഴ്‌നാട് പൊലീസ്. പ്രതിഷേധത്തെക്കുറിച്ച് സംസ്ഥാനത്തെ 37 ജില്ല പൊലീസ് മേധാവികൾക്കും തമിഴ്‌നാട് ഡിജിപി മുന്നറിയിപ്പ് നൽകി.
ഹംബന്തോട്ട തുറമുഖത്തിന്‍റെ പൂർണ നിയന്ത്രണം ചൈനക്കാർക്ക് വിട്ടുനൽകാനുള്ള കൊളംബോ പോർട്ട് സിറ്റി ഇക്കണോമിക് കമ്മീഷൻ ബിൽ ശ്രീലങ്കൻ സർക്കാർ പാസാക്കിയിരുന്നു. എന്നാൽ പുതിയ നിയമം ചൈനയ്ക്ക് വളരെയധികം നിയന്ത്രണാധികാരം നൽകുമെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നും ഉന്നയിച്ച് ശ്രീലങ്കയ്ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
എന്നാൽ പുതിയ നീക്കം ശ്രീലങ്കക്ക് ആവശ്യമായ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സർക്കാർ ഇത് നിഷേധിച്ചു. 2017ലാണ് ശ്രീലങ്ക ഹംബന്തോട്ടയെ 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറാനുള്ള പാട്ടക്കരാറില്‍ ഒപ്പിട്ടത്.
Also Read: നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ആരംഭിച്ചു
ബിൽ പാസാക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്‍റെ നീക്കത്തെ ട്രാൻസ്‌നാഷനൽ ഗവൺമെന്‍റ് ഇതിനോടകം അപലപിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിശബ്ദത ലോകമെമ്പാടുമുള്ള തമിഴ് സമൂഹത്തിൽ വലിയ പ്രകോപനം സൃഷ്ടിച്ചതായും തമിഴ് ദേശീയ ഗ്രൂപ്പുകൾ പരസ്യമായി പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ചെന്നൈയിലെ ശ്രീലങ്കൻ കോൺസുലേറ്റിന് കൂടുതൽ സംരക്ഷണം നൽകുമെന്നും തമിഴ്‌നാട്ടിലുടനീളമുള്ള ചൈനീസ് സ്ഥാപനങ്ങൾക്കും കനത്ത സുരക്ഷ നൽകുമെന്നും സംസ്ഥാന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.