ന്യൂഡല്‍ഹി: ഡിസംബര്‍ പതിമൂന്നിനോ അതിന് മുന്‍പോ പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിങ് പന്നുന്‍. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22മത് വാര്‍ഷിക ദിനമാണ് ഡിസംബര്‍ പതിമൂന്ന്. ഒരു കൊലപാതക ശ്രമം അതിജീവിച്ച് ദിവസങ്ങള്‍ക്കകമാണ് അതിന് പ്രതികാരമെന്നോണം പാര്‍ലമെന്‍റ് ആക്രമണം എന്ന ഭീഷണിയുമായി സിങ് രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) തലവനാണ് പന്നുന്‍.
എസ്എഫ്ജെ ഇന്ത്യയില്‍ നിരോധിച്ചതാണ്. ഇയാള്‍ ഇന്ത്യ തേടുന്ന കുറ്റവാളിയുമാണ്. 2002ലെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പിടിയിലായ അഫ്‌സല്‍ ഗുരുവിന്‍റെ ചിത്രവുമായാണ് ഇയാള്‍ ഭീഷണി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയെ ഖാലിസ്ഥാന്‍ ആക്കി മാറ്റുമെന്ന തലവാചകവും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഏജന്‍സികളാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ഇയാളുടെ ആരോപണം. തനിക്കെതിരെയുള്ള കൊലപാതക ശ്രമത്തിന്‍റെ പ്രതികാര നടപടിയായാണ് പാര്‍ലമെന്‍റ് ആക്രമണമെന്നും ഇയാള്‍ പറയുന്നു.
പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം നടക്കവെയാണ് ഇയാളുടെ ഭീഷണി എന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച തുടങ്ങിയ സമ്മേളനം ഈ മാസം 22നാണ് അവസാനിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ സുരക്ഷ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്. ഇന്ത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാന്‍ ഇയാള്‍ക്ക് പാകിസ്ഥാന്‍ ഐഎസ്ഐയുടെ കശ്മീര്‍-ഖലിസ്ഥാന്‍ ഡെസ്കിന്‍റെ നിര്‍ദ്ദേശമുണ്ടെന്ന് സുരക്ഷ ഏജന്‍സികള്‍ വെളിപ്പെടുത്തി. പന്നൂന് എതിരെ നടന്ന കൊലപാതക ശ്രമം അമേരിക്കന്‍ സുരക്ഷ ഏജന്‍സികളാണ് പരാജയപ്പെടുത്തിയത്. സംഭവത്തില്‍ അമേരിക്ക ഇന്ത്യയെ ആശങ്ക അറിയിച്ചിരുന്നു.