അമരാവതി: ജനിച്ചത് രണ്ട് നാട്ടില്‍. ഭാഷയും സംസ്‌കാരവും വ്യത്യസ്‌തം. പക്ഷേ തുര്‍ക്കിക്കാരിയായ ഗെസിമിനും ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി മധു സങ്കീര്‍ത്തിനും ഇതൊന്നും ഒരു തടസമല്ലായിരുന്നു. പ്രണയത്തിന് മുന്നില്‍ ഭാഷയ്ക്കും അതിര്‍ത്തിയ്ക്കുമൊന്നും പ്രസക്‌തിയില്ലല്ലോ.
2016ൽ ഇന്ത്യയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഒരു പ്രൊജക്‌റ്റിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഗെസിം. സങ്കീർത്തിന്‍റെ സഹപ്രവർത്തകന്‍റെ സുഹൃത്തായിരുന്നു ഗെസിം.
രക്ഷിതാക്കളുടെ എതിർപ്പിനെ മറികടന്നു
അതേ വര്‍ഷം തന്നെ ജോലിയുടെ ഭാഗമായി തുർക്കിയിലെത്തിയ സങ്കീര്‍ത്ത് ഗെസിമുമായി സൗഹൃദത്തിലായി. പതിയെ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടു തുടങ്ങി. ഇരുവരും തങ്ങളുടെ പ്രണയം മാതാപിതാക്കളോട് തുറന്നുപറഞ്ഞെങ്കിലും ആദ്യം ബന്ധം അംഗീകരിക്കാന്‍ ഇരുവരുടേയും കുടുംബം തയ്യാറായിരുന്നില്ല.
പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചു. രണ്ട് പേരുടേയും വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച്വി വിവാഹിതരാകാനായിരുന്നു തീരുമാനം. 2019ൽ ഗുണ്ടൂരിൽ വച്ചായിരുന്നു വിവാഹനിശ്ചയം.
കൊവിഡിനെയും തോല്‍പ്പിച്ചു
2020ൽ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് വില്ലനായി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തുർക്കിയിൽ വച്ച് ഗസിമിന്‍റെ കുടുംബത്തിന്‍റെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ച് വിവാഹം നടന്നു.
പിന്നീട് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഇരുവരും ഇന്ത്യയിലെത്തി. ഗുണ്ടൂരില്‍ ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി. അടുത്തിടെ ജോലിയുടെ ഭാഗമായി സങ്കീർത്തിനും ഗെസിമിനും ഓസ്ട്രിയയിലേക്ക് പോകേണ്ടി വന്നു. കുറച്ചുവർഷങ്ങൾ അവിടെ ജോലി ചെയ്‌ത ശേഷം ഇന്ത്യയിലേക്ക് തിരികെ വരണമെന്നാണ് ഇരുവരുടേയും ആഗ്രഹം.
Also read: അസമിൽ കാടിറങ്ങി ആനക്കൂട്ടം; കുട്ടികൾ മുതല്‍ കൊമ്പൻമാർ വരെ... ദൃശ്യങ്ങൾ വൈറല്‍