ഗാന്ധിനഗർ: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ സ്വന്തമാക്കിയ നീരജ് ചോപ്രയെ ആദരിക്കാൻ വ്യത്യസ്തമായ പദ്ധതി ആവിഷ്കരിച്ച് ഗുജറാത്തിലെ ഭരൂച്ചിലെ പെട്രോൾ പമ്പ് ഉടമ അയ്യൂബ് പഠാൻ. ഭരൂച്ചിൽ പ്രദേശത്തെ നീരജ് എന്ന് പേരുള്ളവർക്ക് 501 രൂപയുടെ സൗജന്യ പെട്രോൾ നൽകിയാണ് അയ്യൂബ് സ്വർണമെഡൽ നേട്ടം ആഘോഷിച്ചത്.
ഞായറാഴ്‌ച മുതൽ തിങ്കളാഴ്‌ച വൈകുന്നേരം വരെയാണ് അയ്യൂബ് ഈ പ്രത്യേക ഓഫർ 'നീരജ്'മാർക്കായി നൽകിയത്. പേര് നീരജ് എന്ന് തെളിയിക്കാനായി തിരിച്ചറിയൽ രേഖ ഹാജരാക്കുന്നവർക്ക് മാത്രമാണ് സൗജന്യ പെട്രോൾ നൽകിയിരുന്നത്.
'ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആദരം അർപ്പിക്കാൻ നീരജ് എന്ന പേരിൽ ഞങ്ങൾ ഒരു പദ്ധതി ആരംഭിച്ചു. നീരജ് എന്ന പേരുള്ള ആളുകൾ ഐഡി പ്രൂഫ് കൊണ്ടുവരുമ്പോൾ 501 രൂപയ്ക്ക് പെട്രോൾ സൗജന്യമായി നൽകുന്നു. ഞായറാഴ്‌ചയാണ് ഞങ്ങൾ ഈ രണ്ട് ദിവസ പദ്ധതി ആരംഭിച്ചത്. ഇതുവരെ 30 പേർ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്, പമ്പ് ഉടമ അയ്യൂബ് പഠാൻ പറഞ്ഞു.
ALSO READ: 'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്
അതേസമയം രാജ്യത്തിന്‍റെ ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളെന്ന നേട്ടമാണ് ടോക്കിയോയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ കരസ്ഥമാക്കി. ഇതോടെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.