ഛോട്ടൗഡേപൂർ (ഗുജറാത്ത്): പീഡനശ്രമം ചെറുക്കാൻ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് ട്രക്കിൽ നിന്ന് പുറത്തേക്ക് ചാടി സ്‌കൂൾ വിദ്യാർഥിനികൾ. ഗുജറാത്തിലെ ഛോട്ടാഡെപൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറും മറ്റ് അഞ്ച് യാത്രക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയത് (Gujarath schoolgirls truck molestation ).
പ്രായപൂർത്തിയാകാത്ത, 15-17 വയസ് പ്രായമുള്ള ആറ് സ്‌കൂൾ വിദ്യാർഥിനികളാണ് അതിവേഗത്തിൽ വാഹനം സഞ്ചരിക്കവെ പുറത്തേക്ക് ചാടിയത്. ഛോട്ടാഡെപൂർ ജില്ലയിലെ സംഖേദ താലൂക്കിൽ ഇന്‍റേണൽ റോഡിൽ വച്ച് ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വിദ്യാർഥിനികൾക്ക് നിസാരമായി പരിക്കേറ്റെന്നും പ്രതികളിലൊരാളായ വാഹന ഉടമയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്‌പി) ഇംതിയാസ് ഷെയ്‌ഖ് പറഞ്ഞു.
അതേസമയം കുട്ടികൾ ചാടാൻ തുടങ്ങിയപ്പോൾ ഡ്രൈവർ സുരേഷ് ഭില്ലിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടെന്നും ഇതോടെ ട്രക്ക് റോഡിൽ നിന്ന് മറിയുകയായിരുന്നുവെന്നും എസ്‌പി ഇംതിയാസ് ഷെയ്ഖ് അറിയിച്ചു. ട്രക്ക് യാത്രക്കാർ പെൺകുട്ടികളുടെ പണവും സാധനങ്ങളും തട്ടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പോക്‌സോ ആക്‌ടുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കവർച്ച, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസെടുത്തതെന്നും എസ്‌പി ഇംതിയാസ് ഷെയ്ഖ് അറിയിച്ചു. പ്രതികളിലൊരാളായ അശ്വിൻ ഭിൽ ആണ് അപകടത്തിന് ശേഷം സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റിലായത്. മറ്റ് അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേഷ് ഭിൽ (ഡ്രൈവർ), അർജുൻ ഭിൽ, പരേഷ് ഭിൽ, സുനിൽ ഭിൽ, ഷൈലേഷ് ഭിൽ എന്നിവരാണ് മറ്റ് അഞ്ച് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി.
പൊലീസ് പറയുന്നതിങ്ങനെ: ആക്രമിക്കപ്പെട്ട പെൺകുട്ടികൾ സങ്കേദ താലൂക്കിലെ ഒരു ഗ്രാമത്തിലെ താമസക്കാരാണ്. വീടുകളിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ഒരു സ്‌കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. യാത്രക്കിടെ വഴിയിൽ വച്ച് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ സുരേഷും മറ്റ് ആളുകളും പെൺകുട്ടികളെ ഉപദ്രവിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇവരുടെ സാധനങ്ങളും പണവും ഇവർ കൈക്കലാക്കി.
പിന്നാലെയാണ് പ്രാണരക്ഷാർഥം കുട്ടികൾ അമിത വേഗതയിൽ കുതിക്കുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്. ഇതോടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും മറിയുകയുമായിരുന്നു. പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ വാഹനത്തിന്‍റെ ഉടമയായ അശ്വിൻ ഭിലിന് പരിക്കേറ്റതിനാൽ ഓടി രക്ഷപ്പെടാനായില്ല. ഇയാളെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
അതേസമയം പെൺകുട്ടികൾക്ക് നിസാര പരിക്ക് മാത്രമാണ് സംഭവിച്ചതെന്നും ചികിത്സയ്‌ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എസ്‌പി ഇംതിയാസ് ഷെയ്ഖ് അറിയിച്ചു. എല്ലാവരും അപകടനില തരണം ചെയ്‌തതായും അദ്ദേഹം വ്യക്തമാക്കി. ആക്രണത്തെ അതിജീവിച്ച പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.