ജാംനഗര്‍: ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയുടെ മൃതദേഹം 21 മണിക്കൂറിന് ശേഷം പുറത്തെടുത്തു. ജാംനഗർ ജില്ലയിലെ തമാച്ചന്‍ (Tamachan) പ്രദേശത്തെ വയലില്‍ തുറന്നുവച്ച കുഴൽക്കിണറിലാണ് കുട്ടി അകപ്പെട്ടത്. അഗ്നിരക്ഷാസേനയും എൻഡിആർഎഫും (ദേശീയ ദുരന്ത നിവാരണ സേന) കുട്ടിയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ജൂണ്‍ മൂന്നിന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കുഴൽക്കിണറിനുള്ളിലെ 20 അടി താഴ്‌ചയിലാണ് പെൺകുട്ടിയെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈ മുകളിലേക്ക് ഉയര്‍ത്തിവച്ച നിലയിലായിരുന്നു കുട്ടി. തുടര്‍ന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ജീവൻ നിലനിർത്താൻ ഓക്‌സിജൻ നൽകിയിരുന്നു. റോബോര്‍ട്ടുകളുടെ സഹായത്തോടെയും രക്ഷാപ്രവര്‍ത്തനം നടത്തി. വഡോദരയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
എൻഡിആർഎഫിനൊപ്പം സൈനിക സംഘം, പൊലീസ്, പ്രദേശവാസികള്‍ എന്നിവരും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ചു. കുഴൽക്കിണറിനോട് ചേർന്ന് ജെസിബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. തമാച്ചൻ പ്രദേശത്തെ ആദിവാസി കുടുംബാംഗമാണ് മരിച്ച കുട്ടി.
മഹാരാഷ്‌ട്രയിലും സമാന സംഭവം; അഞ്ചുവയസുകാരന് ദാരുണാന്ത്യം: മഹാരാഷ്‌ട്രയില്‍ 15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ സാഗര്‍ ബറേല എന്ന അഞ്ചുവയസുകാരന് ദാരുണാന്ത്യം. കുട്ടിയെ രക്ഷിക്കാന്‍ എട്ടുമണിക്കൂര്‍ നീണ്ട ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അഹമ്മദ് നഗര്‍ ജില്ലയിലെ കാര്‍ജത്ത് കോപാര്‍ഡിയില്‍ മാര്‍ച്ച് 13ന് വൈകിട്ട് ആറ് മണിക്കാണ് സംഭവം.
കരിമ്പ് കൃഷിക്കാരനായ സന്ദീപ് സുദ്രിക്കിന്‍റെ മകനാണ് കുട്ടി. സംഭവം നടന്ന ഉടനെ കുട്ടിയെ രക്ഷിക്കാൻ എൻഡിആർഎഫിന്‍റെ (ദേശീയ ദുരന്ത നിവാരണ സേന) അഞ്ച് സംഘങ്ങളാണ് രക്ഷപ്രവർത്തനം നടത്തിയത്. പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ രാത്രി രണ്ടര വരെ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
READ MORE | മഹാരാഷ്‌ട്രയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
മധ്യപ്രദേശ് സ്വദേശികളാണ് കുട്ടിയുടെ കുടുംബം. കുഴൽക്കിണറിൽ 15 അടി താഴ്‌ചയിൽ കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷപ്രവർത്തനത്തിനായി രണ്ട് ജെസിബികളുടെ സഹായത്തോടെ കുഴിയെടുത്തിരുന്നു. റവന്യൂ ഭരണകൂടവും കുൽധരൻ പ്രാഥമികാരോഗ്യ കേന്ദ്രവും ഉപജില്ല ആശുപത്രി സംഘവും കർജത്ത് നഗർ പഞ്ചായത്ത് അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയുണ്ടായി. കുട്ടി കുഴൽക്കിണറിൽ വീണെന്ന വാർത്ത പരന്നതോടെ വിവിധ ഇടങ്ങളില്‍ നിന്നായി കൊപാർഡിയിലേക്ക് ആള്‍ക്കൂട്ടം എത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.
കുഴല്‍ക്കിണര്‍ നിര്‍മാണത്തില്‍, സുപ്രീം കോടതി മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതൊന്നും എവിടെയും പാലിക്കാത്ത സ്ഥിതിയാണുള്ളത്. 2010 ഫെബ്രുവരി 11നാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറത്തിറക്കിയത്. നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുക, കിണർ അസംബ്ലിക്ക് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഉറപ്പിക്കുക, കുഴൽക്കിണറുകൾ അടിയിൽ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറയ്ക്കുക എന്നീ കാര്യങ്ങള്‍ ഈ മാര്‍ഗനിര്‍ദേശത്തില്‍ ഉൾപ്പെടുന്നു.
READ MORE | കുഴല്‍ക്കിണര്‍ അപകടം ആവര്‍ത്തിക്കാതിരിക്കാൻ, പാലിക്കപ്പെടേണ്ടതും നടപ്പിലാക്കേണ്ടതും