വൽസാഡ് (ഗുജറാത്ത്) : ഗുജറാത്തില്‍ 'നാഥുറാം ഗോഡ്‌സെ എന്‍റെ ആരാധ്യപുരുഷൻ' എന്ന വിഷയത്തില്‍ പ്രസംഗം സംഘടിപ്പിച്ചത് വിവാദത്തില്‍. വൽസാഡിലെ ജില്ല യുവജന വികസന കാര്യാലയം, കുസും വിദ്യാലയത്തിൽ സംഘടിപ്പിച്ച ടാലന്‍റ് മത്സരത്തിലാണ് വിദ്വേഷ തലക്കെട്ടില്‍ പ്രസംഗമത്സരം നടത്തിയത്.
മഹാത്മാഗാന്ധിയെ ഇകഴ്‌ത്തുകയും നാഥുറാം ഗോഡ്‌സെയെ നായകനാക്കി പ്രശംസിക്കുകയും ചെയ്‌ത വിദ്യാർഥിക്കാണ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്.
ALSO READ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്മാറ്റം... വീഡിയോ കാണാം...
അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രസംഗത്തിനായി നൽകിയ മൂന്ന് വിഷയങ്ങളിൽ ഒന്നായിരുന്നു 'നാഥുറാം ഗോഡ്‌സെ എന്‍റെ ആരാധ്യപുരുഷൻ' എന്നത്. അതേസമയം വിഷയത്തിൽ ജില്ല പ്രൈമറി എജ്യുക്കേഷന്‍ ഓഫിസർ അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസും രംഗത്തെത്തി. ഇത് അപലപനീയമാണെന്നും രാജ്യത്ത് മഹാത്മാഗാന്ധിയെ ഇകഴ്‌ത്തി നാഥുറാം ഗോഡ്‌സെയെ നായകനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.